റാഞ്ചി: ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് ഉടമയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. കളിക്കളത്തിലെ ഏത് സമ്മര്‍ദഘട്ടത്തിലും പതറാതെ നില്‍ക്കുന്നയാള്‍. ധോനിക്ക് എങ്ങനെ ഇത്ര കൂളായി നില്‍ക്കാന്‍ സാധിക്കുന്നുവെന്ന് അദ്ഭുതപ്പെടുന്നവരാണ് ക്രിക്കറ്റ് ലോകം മൊത്തം. എന്നാല്‍ താനും മറ്റാരെയും പോലെ തന്നെ സമ്മര്‍ദവും ഭയവും അനുഭവിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
കളിക്കളത്തിലെ മാനസിക സമ്മര്‍ദത്തെ മറികടന്ന് കായിക താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ മുന്‍ താരം എസ്. ബദരീനാഥും ശരവണ കുമാറും ചേര്‍ന്ന് തുടക്കമിട്ട മൈന്‍ഡ് കണ്ടീഷനിങ് പ്രോഗ്രാമായ എംഫോറിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു ധോനി.
''മാനസികപരമായ കാര്യങ്ങളിലേക്കു വരുമ്പോള്‍ ചില ദൗര്‍ബല്യങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത അവസ്ഥ ഇന്ത്യയിലുണ്ട്. പലരും ഇതിനെ മാനസികരോഗമെന്നാണ് വിളിക്കുക. ഇത് വലിയ വിഷയം തന്നെയാണ്''-ധോനി പറയുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും മാനസിക ആരോഗ്യത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല. ഒരാളെ മാനസികമായ എന്തു പ്രശ്‌നം അലട്ടിയാലും അത് മാനസിക രോഗമെന്ന തരത്തിലാണ് മറ്റുള്ളവര്‍ വ്യാഖ്യാനിക്കുകയെന്നും ധോനി കൂട്ടിച്ചേര്‍ത്തു.
ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ആദ്യ അഞ്ചു മുതല്‍ 10 വരെ പന്തുകള്‍ നേരിടുമ്പോള്‍ താനും കടുത്ത മാനസിത സമ്മര്‍ദം അനുഭവിക്കാറുണ്ടെന്ന് ധോനി തന്നെ പറയുന്നു. പലരും ഇക്കാര്യം തുറന്നു പറയുന്നില്ലെന്നതാണ് സത്യം. ഇന്നിങ്‌സിന്റെ ആദ്യ അഞ്ച് മുതല്‍ 10 പന്തുകള്‍ വരെ നേരിടുമ്പോള്‍ ഹൃദയമിടിപ്പ് ഉയരാറുണ്ടെന്നും ധോനി കൂട്ടിച്ചേര്‍ത്തു.
യഥാര്‍ഥത്തില്‍ ഇതൊരു ചെറിയ പ്രശ്‌നം മാത്രമാണെന്നും കോച്ചിനോട് ഇതേക്കുറിച്ച് തുറന്നുപറയാന്‍ പലരും മടിക്കാറുണ്ടെന്നും ധോനി പറയുന്നു. അതുകൊണ്ടാണ് ഏതു കായിക ഇനമായാലും കളിക്കാരനും കോച്ചും തമ്മിലുള്ള ബന്ധം പ്രധാനമാണെന്നു പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: I feel pressure, I feel scared too, says MS Dhoni while speaking on mental health