ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 23 വിക്കറ്റുകളുമായി തിളങ്ങിയ താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവും ആന്‍ഡേഴ്‌സന്‍ തന്നെയായിരുന്നു.

കൂടാതെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിയെ പുറത്താക്കി ടെസ്റ്റിലെ അപൂര്‍വ റെക്കോഡും ആന്‍ഡേഴ്‌സന്‍ സ്വന്തം പേരിലാക്കി. ഓസിസ് പേസ് ഇതാഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലുണ്ടായിരുന്ന ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് 564 വിക്കറ്റുകളുമായി ആന്‍ഡേഴ്‌സന്‍ തിരുത്തിയെഴുതിയത്. 

ഈ നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ 36-കാരനായ ആന്‍ഡേഴ്‌സന്‍ വിരമിക്കലിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ്. വിരമിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു പറഞ്ഞ ആന്‍ഡേഴ്‌സന്‍ തന്റെ ശരീരം പക്ഷേ എപ്പോള്‍ വേണമെങ്കിലും കീഴടങ്ങിയേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

വിരമിക്കലിനെ കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെയാണ് ഗ്ലെന്‍ മഗ്രാത്ത് 2006-ലെ ആഷസ് പരമ്പരയ്‌ക്കെത്തിയതെന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. എന്നാല്‍ പരമ്പരയുടെ അവസാനത്തോടെ അദ്ദേഹത്തിന് തോന്നിത്തുടങ്ങി തന്റെ സമയമായെന്ന്. ഇതുതന്നെ തനിക്കും സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഞാനിപ്പോള്‍ വിരമിക്കലിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. അടുത്തത് എന്തെന്നതിലാണ് എന്റെ ശ്രദ്ധ, അടുത്ത മത്സരം, അടുത്ത പരമ്പര എന്നിങ്ങനെ. അടുത്ത ശ്രീലങ്കന്‍ പരമ്പരയ്ക്കു മുന്‍പ് ഞങ്ങള്‍ക്ക് അത്യാവശ്യം ഒഴിവുസമയം ലഭിച്ചിട്ടുണ്ട്. അത് ശ്രീലങ്കന്‍ പരമ്പരയ്ക്കായി എന്നെതന്നെ ഒരുക്കാന്‍ ഉപയോഗിക്കും'', ആന്‍ഡേഴ്‌സന്‍ പറയുന്നു.

Content Highlights: i dont like looking too far ahead anderson downplays retirement talks