ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ വിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി.

'ഓസ്‌ട്രേലിയയില്‍ പരമ്പര ജയിച്ചതോടെ ഇന്ത്യന്‍ ടീം മുഴുവന്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഏറ്റവുമധികം പേടിക്കുന്ന ബാറ്റ്‌സ്മാനാണ് കോലി. അദ്ദേഹത്തിന്റെ വിക്കറ്റ് എങ്ങനെ എടുക്കും എന്ന ആശങ്കയിലാണ് ടീം ഒന്നടങ്കം'-മോയിന്‍ അലി പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ കോലി ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റഅ മത്സരങ്ങളിലും കളിക്കും. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

'ലോകോത്തര നിലവാരമുള്ള താരമാണ് കോലി. അദ്ദേഹം മറ്റ് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അതില്‍ നിന്നും അദ്ദേഹവും ഊര്‍ജം കണ്ടെത്തും. കോലിയെ എങ്ങനെ ഔട്ടാക്കും എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. അദ്ദേഹത്തിന് പ്രത്യേക വീക്ക്‌നെസുകളൊന്നുമില്ല. കോലി എന്റെ ഏറ്റവും മികച്ച സുഹൃത്തുക്കളിലൊരാളാണ്. ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് എപ്പോഴും സംസാരിക്കും.'-മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു

ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും കളിക്കും. 33 കാരനായ മോയിന്‍ അലി കോവിഡ് ബാധിച്ചതിനുശേഷം മത്സരത്തിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യന്‍ പര്യടനത്തിലൂടെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 181 വിക്കറ്റുകളും 2782 റണ്‍സും നേടിയ താരമാണ് അലി.

Content Highlights: I don't know how we are going to get Virat Kohli out, says Moen Ali