rishabh pant and sanju samson | Photo: CHANDAN KHANNA / AFP
ന്യൂഡല്‍ഹി: ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി കെ.എല്‍.രാഹുലിനെ ഇറക്കിയതിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഒന്നിലധികം സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍ അവസരം കാത്തുനില്‍ക്കെ, പകരം കെ.എല്‍.രാഹുലിനെ വിക്കറ്റ് കാക്കാന്‍ നിയോഗിച്ചതിനെയാണ് ഭോഗ്ലെ ചോദ്യം ചെയ്തത്. ഇഷാന് കിഷന് ടീമിനൊപ്പം ഉണ്ടായിട്ടും രാഹുലിനെ വിക്കറ്റ് കീപ്പറായി ഇറക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.
'ഋഷഭ് പന്തിനെ ടീമില്‍നിന്ന് മാറ്റിനിര്‍ത്തി, സഞ്ജുവാണെങ്കില്‍ ഇന്ത്യയിലും! വിക്കറ്റ് കീപ്പര്‍മാര്‍ അവസരം കാത്തു പുറത്തു നില്ക്കുമ്പോള് കെ.എല്‍.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. ഇഷാന് കിഷന് അവിടെയുണ്ടെന്ന് ഓര്‍ക്കണം. ഞാന്‍ തികച്ചും ആശയക്കുഴപ്പത്തിലാണ്' ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് മുന്നില്‍ നില്‍ക്കെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് രാഹുലിനെയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കാണുന്നതെങ്കില്‍, ഇനിമുതല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും അദ്ദേഹത്തെ വിക്കറ്റ് കീപ്പറാകണമെന്നും ഭോഗ്ലെ നിര്‍ദ്ദേശിച്ചു. 'ലോകകപ്പില്‍ രാഹുലിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏല്‍പ്പിക്കുകയെന്നതാണ് ദീര്‍ഘകാല പദ്ധതിയെങ്കില്‍ ഇനിയങ്ങോട്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലും രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറുടെ ചുമതല നിര്‍വഹിക്കണം' ഭോഗ്ലെ കുറിച്ചു.
ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അവസരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിന് മുമ്പ് പന്ത് ഇന്ത്യയിലേക്ക് മടങ്ങി. തിരിച്ചയയ്ക്കാനുള്ള കാരണം വ്യക്തമാക്കിയില്ല. മെഡിക്കല്‍ സംഘവുമായുള്ള ആലോചനയ്ക്കുശേഷമാണ് തിരിച്ചയച്ചതെന്ന് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു.
പന്തിനുപകരം ഏകദിന പരമ്പരയില്‍ മറ്റാരെയും ഉള്‍പ്പെടുത്തില്ലെന്നും ഡിസംബര്‍ 14-ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ. പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: "I Am Quite Confused", Harsha Bhogle Slammed BCCI For Team Selection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..