പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ മുന്നൂറിനപ്പുറമുള്ള സ്‌കോര്‍ സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഇന്നിങ്‌സായിരുന്നു. 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 11 ഫോറുമടക്കം 98 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. 

സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ധവാന്‍ പുറത്താകുകയായിരുന്നു. 2019 ജൂണിന് ശേഷം ധവാന്റെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. 

അതേസമയം സെഞ്ചുറി നേടാനാകാത്തതില്‍ വിഷമമൊന്നും ഇല്ലെന്നും തന്റെ പ്രകടനത്തില്‍ സന്തോഷവാനാണെന്നും ധവാന്‍ പ്രതികരിച്ചു. ''പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്. മികച്ച തിരിച്ചുവരവ് ശരിക്കും ആസ്വദിച്ചു. നന്നായി ശ്രമിക്കുകയായിരുന്നു ഞാന്‍. ജിമ്മിലും നെറ്റ് സെഷനുകളിലും നന്നായി തന്നെ പരിശ്രമിച്ചു. അവയെല്ലാം ഫലം ചെയ്തു. 98 റണ്‍സില്‍ പുറത്താകുമ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം സങ്കടം തോന്നും. എന്നാല്‍ ഞാന്‍ അങ്ങനെ വല്ലാതെ സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്ന വ്യക്തിയല്ല. 100 റണ്‍സ് നേടാനുള്ള തിരക്കിലൊന്നുമായിരുന്നില്ല ഞാന്‍. ഒരു ഷോട്ടിന് ശ്രമിച്ചു, പുറത്തായി.'' - കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ധവാന്‍ പറഞ്ഞു.

രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധവാന് സാധിച്ചിരുന്നു. മത്സരത്തില്‍ 66 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

Content Highlights: I am not a person who gets too sad says Shikhar Dhawan after missing out hundred