Photo: twitter.com
ന്യൂഡല്‍ഹി:ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് മുന്നോട്ടുവെച്ച 'ഹൈബ്രിഡ് മോഡലും' തള്ളിയതോടെ ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങി പാകിസ്താന്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങളായ ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നജാം സേതി മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലില്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ 3-4 മത്സരങ്ങള്‍ പാകിസ്താനിലും ഇന്ത്യയുടേതടക്കമുള്ള മറ്റ് മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയിലും നടത്താമെന്നതായിരുന്നു പാകിസ്താന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍.
എന്നാല്‍ ഇതില്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ ബിസിസിഐ അറിയിച്ചിരുന്നു. പാകിസ്താനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് പിസിബി തലവന്‍ ഈ ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്. ഏഷ്യാ കപ്പ് പാകിസ്താനില്‍ വെച്ചു നടത്തിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍നിന്നു വിട്ടുനില്‍ക്കുമെന്നും, ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്നും പിസിബി ഭീഷണി മുഴക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പാകിസ്താനില്‍ കളിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. ഇതോടെയാണ് മറ്റ് വഴികളില്ലാതെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം ഈ മാസം ചേരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഏഷ്യാ കപ്പിനുള്ള പുതിയ വേദി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ കളിച്ചില്ലെങ്കില്‍ അത് ടൂര്‍ണമെന്റിന്റെ ടിവി ബ്രോഡ്കാസ്റ്റിങ്ങിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ തന്നെ ടൂര്‍ണമെന്റ് അടക്കം റദ്ദാക്കാനും സാധ്യത ഏറെയാണ്.
Content Highlights: Hybrid ModeL Rejected Pakistan May Pull Out Of Asia Cup
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..