മുംബൈ: 2014-ലെ ഇംഗ്ലണ്ട് പര്യടനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. കോലിയുടെ കരിയറിലെ ഏറ്റവും ദുരന്തപര്യവസായിയായ ടെസ്റ്റ് പരമ്പരയായിരുന്നു അത്. അഞ്ചു ടെസ്റ്റ് ഉൾപ്പെട്ട ആ പരമ്പരയിൽ 10 ഇന്നിങ്സുകളിൽ നിന്ന് കോലി നേടിയത് 134 റൺസ് മാത്രം, അതും 13.40 ബാറ്റിങ് ശരാശരിയിൽ. 1,8,25,0,38,28,0,7,6,20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. പരമ്പര ഇന്ത്യ 3-1ന് തോൽക്കുകയും ചെയ്ചു. അന്ന് ആ ദയനീയാവസ്ഥയിൽ സച്ചിൻ തെണ്ടുൽക്കറാണ് സഹായിച്ചതെന്നും അദ്ദേഹത്തിന്റെ സഹായത്തോടെയാണ് താൻ കളിയിലേക്ക് തിരിച്ചുവന്നതെന്നും കോലി പറയുന്നു. ഇന്ത്യൻ ടീമിലെ സഹതാരമായ മായങ്ക് അഗർവാളുമായുള്ള ലൈവ് ചാറ്റിലാണ് കോലി ഇക്കാര്യം പങ്കുവെച്ചത്.

'ബാറ്റിങ് പൊസിഷനിൽ നിൽക്കുമ്പോൾ വലത്തേ ഇടുപ്പ് കൃത്യസ്ഥാനത്തല്ലെങ്കിൽ അതു പ്രശ്നങ്ങളുണ്ടാക്കും. ഇടുപ്പിന്റെ സ്ഥാനം കൃത്യമാണെങ്കിൽ ഓഫ് സൈഡിലും ലെഗ് സൈഡിലും ഷോട്ടുകൾ കളിക്കാനാകും. അത്ര പ്രധാനപ്പെട്ട ഘടകമാണ് അത്. എന്നാൽഅന്ന് എന്റെ വലത്തെ ഇടുപ്പിന് പ്രശ്നമായിരുന്നു. പക്ഷേ ആ സാഹചര്യം മനസ്സിലാക്കാതെ ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ കളിച്ചു. അതിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്തില്ല. ഇത്തരം സ്വഭാവം ഒരു വിധത്തിലും നമ്മെ സഹായിക്കില്ലെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. ആ പരമ്പരയിൽ സംഭവിച്ച പിഴവും ഇടുപ്പിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു.'കോലി വിശദീകരിക്കുന്നു.

ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞാൻ എന്റെ ബാറ്റിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. എന്റെ ഷോട്ടുകളിൽ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. കൈകളിൽ മാത്രം ശ്രദ്ധിച്ചാണ് ഞാൻ കളിച്ചത്. ആ ദൗർബല്യം തിരിച്ചറിഞ്ഞ ബോളർമാർ അതു മുതലെടുത്തു. കോലി പറയുന്നു.

എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച താൻ ഒടുവിൽ സഹായം തേടി സച്ചിൻ തെണ്ടുൽക്കറെ സമീപിച്ചെന്നും കോലി ലൈവ് ചാറ്റിൽ വെളിപ്പെടുത്തുന്നു. അന്ന് സച്ചിൻ നൽകിയ ഉപദേശം കോലിക്ക് മുതൽക്കൂട്ടായി. തൊട്ടടുത്ത ഓസ്ട്രേലിയൻ പര്യടനത്തിൽ കോലി 692 റൺസാണ് അടിച്ചുകൂട്ടിയത്.

'ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഞാൻ സച്ചിൻ പാജിയെ പോയി കണ്ടു. എനിക്കു സംഭവിച്ച പിഴവുകളെ കുറിച്ച് സച്ചിൻ പാജിയുമായി സംസാരിച്ചു. ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിൽ വളരെയധികം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ പേസ് ബൗളർമാരെ മുന്നോട്ടാഞ്ഞ് നേരിടേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം എനിക്കുപറഞ്ഞതുന്നു. ഇതെല്ലാം ശ്രദ്ധിച്ചതോടെ എന്റെ കളിയിൽ പ്രകടമായ മാറ്റം സംഭവിച്ചു. പിന്നീട് രവി ശാസ്ത്രിയുടെ സഹായം കൂടിയായതോടെ പിഴവുകൾ പൂർണമായും തിരുത്താനായി.' കോലി വ്യക്തമാക്കുന്നു.

Content Highlights: Sachin Tendulkar, Virat Kohli, 2014 England debacle