ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചത് മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിയും പൃഥ്വി ഷായുടെ സെഞ്ചുറിയുമായിരുന്നു. 

ഇതോടെ തുടര്‍ച്ചയായി മികച്ച ഫോമില്‍ കളിക്കുന്ന പൃഥ്വി ഷാ എന്ന 18-കാരന്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയാവുകയാണ്.

എന്നാലിതാ ബാറ്റിങ്ങില്‍ ഏറെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം തന്റെ ബാറ്റിങ്ങിനെ സ്വാധീനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വി ഷാ. 

ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകളില്‍ കവര്‍ ഡ്രൈവ് കളിക്കാനുള്ള പ്രവണത ഷായ്ക്ക് കൂടുതലായിരുന്നു. ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അനുസരിച്ച് ഒരു ബാറ്റ്‌സ്മാന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രാഥമിക കാര്യങ്ങളിലൊന്നാണിത്. കര്‍ണാടകയ്‌ക്കെതിരായ രഞ്ജിട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനയ് കുമാറിന്റെ പന്തില്‍ ഈ ഷോട്ടിന് ശ്രമിച്ച് ഷാ പുറത്തായിരുന്നു. മാത്രമല്ല അണ്ടര്‍ 19 ലോകകപ്പിലും ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ ഷാ ഇതേ പ്രവണത ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരേ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇത്തരം പന്തുകളുടെ കാര്യത്തിൽ മിതത്വം പാലിക്കുന്ന പൃഥ്വി ഷായെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ന്യൂ ബോളിന്റെ മിനുസം നഷ്ടപ്പെട്ടതോടെ ഷാ ഓഫ് സ്റ്റമ്പിന് പുറത്തെ തന്റെ തനത് ഷോട്ടുകള്‍ പുറത്തെടുത്തു.

പരീശീലന സെഷനില്‍ ബാക്ക്ഫൂട്ടിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായി ഷാ പറയുന്നു. എന്നാല്‍ കളിക്കളത്തിലെത്തിയപ്പോള്‍ എല്ലാം പഴയപടി തന്നെ. ഈ സാഹചര്യത്തിലാണ് രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം തന്നെ സഹായിച്ചതായി ഷാ പറയുന്നത്.

ക്രിക്കറ്റിന്റെ കോപ്പിബുക്ക് ശൈലി അനുസരിച്ച് തെറ്റാണെങ്കിലും അങ്ങനെ ചെയ്തിട്ടും റണ്‍സ് കണ്ടെത്തുന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ഇത് തന്റെ തനത് കളിയില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോകാന്‍ സഹായിച്ചുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

സാങ്കേതികതകളെ കുറിച്ച് ആലോചിച്ച് തലപുകയ്ക്കാതെ കളിയില്‍ മാത്രം ശ്രദ്ധകൊടുത്താല്‍ മതിയെന്നും ദ്രാവിഡ് പറഞ്ഞതായി ഷാ വ്യക്തമാക്കി. ഇതിനു പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ ഷായുടെ സെഞ്ചുറി. 196 പന്തുകളില്‍ നിന്നായിരുന്നു ഷായുടെ 136 റണ്‍സ്. 20 ബൗണ്ടറിയും ഒരു സിക്‌സും നിറം ചാര്‍ത്തിയ ഇന്നിങ്‌സ്. 

Content Highlights: how rahul dravid supported prithvi shaw to believe in his batting style