ബാറ്റിങ് വിരുന്നാകുമെന്നു കരുതിയ ഒന്നാം ട്വന്റി 20 ബൗളര്‍മാര്‍ സ്വന്തമാക്കിയതെങ്ങനെ?


സ്‌പോര്‍ട്സ് ലേഖകന്‍

തിരുവനന്തപുരത്ത് നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനിടെ പുറത്താകുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ | Photo: AP

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ബുധനാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍നടന്ന ട്വന്റി 20 ക്രിക്കറ്റ് ബാറ്റിങ് വിരുന്നാകുമെന്നാണ് പിച്ച് നിര്‍മിച്ച ക്യുറേറ്റര്‍ ഉള്‍പ്പെടെ പ്രവചിച്ചതും പ്രതീക്ഷിച്ചതും. പക്ഷേ, കളി പൂര്‍ണമായും ബൗളര്‍മാര്‍ സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യ 110 റണ്‍സെടുത്തത് 16.4 ഓവറില്‍.

രണ്ട് ഇന്നിങ്സിലുമായി 36.4 ഓവറില്‍ വന്നത് 216 റണ്‍സ്. ശരാശരി 5.93 മാത്രം. ഈയിടെ സമാപിച്ച ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 208, ഓസ്ട്രേലിയ 186 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു (20 ഓവര്‍ മത്സരത്തില്‍). അവിടെയെല്ലാം പഴികേട്ട ബൗളര്‍മാര്‍ ഈ മത്സരം പൂര്‍ണമായും വരുതിയിലാക്കി. 32 റണ്‍സിന് മൂന്നുവിക്കറ്റുമായി ഇടംകൈയന്‍ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് കളിയിലെ താരവുമായി.പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്തതോടെ ബാറ്റര്‍മാര്‍ക്ക് നിലകിട്ടാതായി. കൂടെ ബൗണ്‍സും. ആദ്യ 15 പന്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത് അഞ്ചുവിക്കറ്റ്.

കണക്കുകൂട്ടല്‍ പിഴച്ചതെവിടെ?

അന്താരാഷ്ട്ര മത്സരങ്ങളില്‍ പിച്ച് എങ്ങനെ വേണമെന്ന് നിര്‍ദേശിക്കാന്‍ ഹോം ടീമിന് അവകാശമുണ്ട്. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് മുന്നില്‍ക്കണ്ട് ബാറ്റിങ്ങിനനുകൂലമായ പിച്ച് തയ്യാറാക്കാനാണ് ബി.സി.സി. ഐയില്‍നിന്ന് നിര്‍ദേശം കിട്ടിയതെന്ന് ക്യുറേറ്റര്‍ എ.എം. ബിജു മാതൃഭൂമിയോട് പറഞ്ഞു. അതിനനുസരിച്ചാണ് പിച്ച് ഒരുക്കിയതും. നേരിയ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം അന്തരീക്ഷത്തില്‍ നേരിയ കാറ്റുമുണ്ടായിരുന്നു. ഇത് ബൗളിങ്ങിനനുകൂലമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാണ് മാര്‍ക്ക് നല്‍കേണ്ടതെന്ന് ബിജു പറയുന്നു.

''ഡ്യൂ (മഞ്ഞുവീഴ്ച) ഫാക്റ്റര്‍ ഉണ്ടായിരുന്നു. കാറ്റുകൂടി ചേര്‍ന്നതോടെ നല്ല ബൗണ്‍സും കിട്ടി. ദക്ഷിണാഫ്രിക്കയുടെ ആദ്യ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ട ബോളുകളിലൊന്നും അപ്രതീക്ഷിതമായ ബൗണ്‍സോ വേഗമോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാന്‍ ബൗളര്‍മാര്‍ക്കായി. ബാറ്റര്‍മാര്‍ പന്തിനരികിലേക്ക് പോകാതെ വിക്കറ്റിലേക്ക് വരുന്നത് കാത്തിരുന്നു. ആദ്യ രണ്ടു വിക്കറ്റുകള്‍ പോയപ്പോഴും ദക്ഷിണാഫ്രിക്കയുടെ ബാറ്റര്‍മാര്‍ ക്ഷമകാണിച്ചില്ല. എട്ടാമനായ കേശവ് മഹാരാജ് 35 പന്തില്‍ 41 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്സില്‍ രണ്ട് അര്‍ധസെഞ്ചുറിയുമുണ്ട്. തീരെ ബാറ്റിങ്ങിന് പറ്റാത്ത പിച്ചാണെങ്കില്‍ ഇത്രയും സ്‌കോര്‍ ചെയ്യാനാകില്ലല്ലോ'' - ബിജു ചോദിക്കുന്നു.

ഒന്നാം ഓവറില്‍ ആദ്യം മൂന്ന് ഔട്ട്സ്വിങ്ങര്‍ എറിഞ്ഞ ദീപക് ചഹാര്‍, അവസാനപന്തില്‍ ഉഗ്രന്‍ ഇന്‍സ്വിങ്ങറിലൂടെയാണ് ടെംബ ബാവുമയെ ക്ലീന്‍ബൗള്‍ഡാക്കിയത്.

ഡേവിഡ് മില്ലറെ ക്ലീന്‍ബൗള്‍ഡാക്കിയ അര്‍ഷ്ദീപിന്റെ പന്തും അതുപോലെയായിരുന്നു. ഔട്ട്സ്വിങ്ങറാണെന്ന് കരുതിയിരിക്കേ ഉള്ളിലേക്ക് തിരിഞ്ഞുവന്നു. അതേസമയം, ട്വന്റി 20 കരിയറില്‍ ബാറ്റുചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടിയ പിച്ചാണിതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മത്സശേഷം പറഞ്ഞു: ''പന്ത് ഇരുഭാഗത്തേക്കും ഉലയുകയായിരുന്നു. എല്ലാതരത്തിലും ബാറ്ററെ കഷ്ടപ്പെടുത്തുന്ന വിക്കറ്റാണിത്'' - രാഹുല്‍ പറഞ്ഞു. ഇവിടെ രണ്ടുദിവസം പരിശീലനം നടത്തിയപ്പോള്‍ കാണാത്ത സ്വഭാവത്തിലാണ് പിച്ച് മത്സരത്തില്‍ പെരുമാറിയതെന്ന് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ പറഞ്ഞു.

Photo: twitter.com

പിച്ച് തയ്യാറാക്കുന്നത്

അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ച് തയ്യാറാക്കുന്നത് ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പണിയാണ്. ഗ്രീന്‍ഫീല്‍ഡില്‍ 2016-ല്‍ തയ്യാറാക്കിയ പിച്ചിലാണ് ബുധനാഴ്ച കളി നടന്നത്.

ഗ്രൗണ്ടില്‍ 18 ഇഞ്ച് കുഴിയെടുത്താണ് പിച്ചൊരുക്കുന്നത്. അതില്‍ അടിഭാഗത്ത് പരുക്കന്‍മണല്‍ ഇടും. അതിന്റെ മുകളില്‍ ഏഴെട്ടിഞ്ച് കളിമണ്ണ് നിറയ്ക്കും. പല ഭാഗങ്ങളില്‍നിന്നുള്ള മണ്ണ് ഉപയോഗിക്കാറുണ്ട്. മണ്ണിന്റെ തരമനുസരിച്ച് പിച്ചിന്റെ സ്വഭാവത്തിലും വ്യത്യാസമുണ്ടാകും.

കളിമണ്ണിനുമുകളില്‍ പുല്ല് പിടിപ്പിക്കും. പുല്ലിന് മൂന്നുമാസത്തോളം വളര്‍ച്ചയെത്തുമ്പോള്‍ അതിന്റെ മുകള്‍ഭാഗം കൃത്യമായി വെട്ടി മാറ്റ് (പായ) പോലെയാക്കും. ഇതാണ് ടര്‍ഫ് വിക്കറ്റ്. പുല്ലിന് രണ്ടുമാസത്തോളം വളര്‍ച്ചയെത്തുമ്പോള്‍ വേരുകള്‍ അഞ്ചാറിഞ്ച് താഴോട്ട് ഇറങ്ങിയിരിക്കും. ഈ പുല്ല് പിച്ചിനെ ഒന്നാകെ ബലപ്പെടുത്തിനിര്‍ത്തും.

കളിയുടെ തീയതി തീരുമാനിച്ചാല്‍ അതിന്റെ സാഹചര്യവും കാലാവസ്ഥയുമെല്ലാം നോക്കി വീണ്ടും ഇതില്‍വേണ്ട മാറ്റംവരുത്തും.

Content Highlights: How did the bowlers gets support from Greenfield Pitch which was thought to be a batting feast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented