ന്യൂഡല്‍ഹി: ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോനി ഒറ്റ മുങ്ങലാണ്. പിന്നെ കണ്ടുകിട്ടണമെങ്കില്‍ അടുത്ത ടൂര്‍ണമെന്റോ പരമ്പരയോ വരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്ന സമയത്തും ധോനി അങ്ങനെ തന്നെയാണ്. 

ക്രിക്കറ്റ് വിട്ടാല്‍ പിന്നെ നേരേ റാഞ്ചിയിലെ വീട്ടിലാണ്. ഫാം ഹൗസിലും മറ്റുമായി കുടുംബത്തോടൊപ്പം. പലപ്പോഴും ബിസിസിഐ ഉന്നതര്‍ക്ക് വിളിച്ചാല്‍ പോലും കിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചശേഷം ധോനിയെ പിന്നീട് കണ്ടത് ഐ.പി.എല്ലിലാണ്. അതുവരെ കൃഷിയും മറ്റുമായി നടക്കുകയായിരുന്നു ഇന്ത്യയുടെ മിസ്റ്റര്‍ കൂള്‍.

ഇത്തരത്തിലുള്ള ഒരാളെ വരുന്ന ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഉപദേശക സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത് അതിനാല്‍ തന്നെ ഒട്ടും എളുപ്പമായിരുന്നില്ല.

ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ അവസരോചിതമായ ഇടപെടലാണ് ധോനിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള ഇപ്പോഴത്തെ ഈ രണ്ടാം വരവിന് വഴിവെച്ചിരിക്കുന്നത്. 

2007-ലെ ട്വന്റി 20 ലോകകപ്പും, 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന ധോനിക്ക് മറ്റൊരു കിരീട വിജയത്തിന് ടീമിനെ സഹായിക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഇതിന് ആധാരം.

ടീം പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുമ്പു തന്നെ ഷാ, ധോനിയെ ടീമിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ഉപദേശക റോളില്‍ ധോനി ഉണ്ടാകുമെന്നും ട്വന്റി 20 ലോകകപ്പില്‍ മാത്രമേ ധോനിയുടെ സേവനം ഉണ്ടായിരിക്കുകയുള്ളൂ എന്നും ഷാ വ്യക്തമാക്കിയിരുന്നു. 

ഇത്തരം ഒരു ആവശ്യവുമായി സമീപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിനായി തന്റെ ഭാഗത്തുനിന്നാകുന്ന സംഭാവനകള്‍ നല്‍കാന്‍ ഒരുക്കമാണെന്ന് ധോനി അറിയിക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായുള്ള തന്റെ റോള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നതോടെ ഈ നിര്‍ദേശം ധോനി അംഗീകരിക്കുകയായിരുന്നു. 

ധോനിയുടെ സമ്മതം കിട്ടയതോടെ ഷാ ക്യാപ്റ്റന്‍ കോലിയുമായും വൈസ് ക്യാപ്റ്റന്‍ രോഹിത്തുമായും സംസാരിച്ചു. അവരും ഈ നിര്‍ദേശത്തോട് യോജിക്കുകയായിരുന്നു. തുടര്‍ന്ന് കോച്ച് രവി ശാസ്ത്രിയും പച്ചക്കൊടി കാണിച്ചതോടെ ധോനിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയായിരുന്നു.

ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ പിന്നെ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും മികച്ച ടീം ഉണ്ടായിട്ടും മികച്ച കളി പുറത്തെടുത്തിട്ടും സെമിയിലും ഫൈനലിലുമെല്ലാം ടീമിന് കാലിടറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ധോനിയുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Content Highlights: How BCCI brought MS Dhoni as mentor for Team India