സിഡ്‌നി: കാര്യമില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടീമുകളുടെ ശ്രദ്ധതിരിക്കുന്നതില്‍ മിടുക്കരാണ് ഇന്ത്യന്‍ ടീമെന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയെ കുറിച്ച് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു പെയ്‌നിന്റെ പ്രസ്താവന. 

''ഇന്ത്യയ്‌ക്കെതിരേ കളിക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി എന്തെന്നാല്‍ അവര്‍ കാര്യമില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുമെന്നതാണ്. ആ പരമ്പരയില്‍ ഇതില്‍ ഞങ്ങള്‍ വീണുപോകുകയും ചെയ്തു. ഗാബയിലേക്ക് കളിക്കാന്‍ തങ്ങള്‍ വരില്ലെന്ന് പറഞ്ഞതാണ് അതിനൊരു ക്ലാസിക് ഉദാഹരണം. അവരങ്ങിനെ പറഞ്ഞതോടെ ഇനി ഞങ്ങള്‍ എവിടെയാണ് കളിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയാതെയായി. ഇത്തരം സൈഡ് ഷോകള്‍ കാട്ടുന്നതില്‍ അവര്‍ മിടുക്കരാണ്. അതില്‍ ഞങ്ങളുടെ ശ്രദ്ധ തെറ്റുകയും ചെയ്തു.'' - പെയ്ന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ പലപ്പോഴായി ആദ്യ ഇലവനിലെ പ്രധാന താരങ്ങളെ നഷ്ടപ്പെട്ടിട്ടും ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 

1988-ന് ശേഷം ഗാബയില്‍ ഓസീസിെ തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

പരമ്പര തോറ്റതിനു പിന്നാലെ ടിം പെയ്‌നിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.

Content Highlights: his side allowed themselves to be distracted by India s sideshows Tim Paine