തീവണ്ടിയിലെ ടിക്കറ്റ് കളക്ടറില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനിലേക്കുള്ള എം.എസ് ധോനിയുടെ യാത്ര നമുക്കെല്ലാം അറിയാം. കഠിനധ്വാനവും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ധോനിയുടെ യാത്രക്ക് ഇന്ധനം പകര്‍ന്നത്. ധോനിയുടെ വഴിയേ തന്നെ മറ്റൊരു ടിക്കറ്റ് കളക്ടര്‍ കൂടി ഇന്ത്യന്‍ ടീമിലേക്കുള്ള യാത്രയിലാണ്. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ആറു വിക്കറ്റുകള്‍ വീഴ്ത്തി റെയില്‍വേസിന് വിജയമൊരുക്കിയ പേസ് ബൗളര്‍ ഹിമാന്‍ഷു സാങ്‌വാന്‍.

ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയ അജിങ്ക്യ രഹാനെ, യുവതാരം പൃഥി ഷാ എന്നിരെല്ലാം ഹിമാന്‍ഷുവിന് മുന്നില്‍ കീഴടങ്ങി. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് ആണെന്ന് ഹിമാന്‍ഷു പറയുന്നു. 

എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലിക്കാന്‍ പോയത് ഹിമാന്‍ഷുവിന്റെ കരിയറില്‍ നിര്‍ണായകമാകുകയായിരുന്നു. അവിടെ മഗ്രാത്തിന് കീഴിലായിരുന്നു പരിശീലനം. 'എന്റെ വീഡിയോ കണ്ടിട്ട് എവിടെയെല്ലാമാണ് മെച്ചപ്പെടുത്തേണ്ടതെന്ന് മഗ്രാത്ത് പറഞ്ഞുതന്നു. പ്രതിസന്ധി നേരിടുമ്പോള്‍ പ്രാഥമിക പാഠങ്ങള്‍ മറക്കാതെ കളിക്കുക, കളിക്കളത്തില്‍ ക്ഷമ കാണിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് മഗ്രാത്ത് പറഞ്ഞു തന്നത്.' ഹിമാന്‍ഷു പറയുന്നു.

രഹാനെ ആയാലും പൃഥ്വി ഷാ ആയാലും ശരിയായ രീതിയില്‍ പന്തെറിയുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പൃഥ്വി ഷാ ആക്രമിച്ചു കളിക്കുന്ന താരമാണ്. രഹാനെ പ്രതിരോധിച്ചു കളിക്കുന്ന താരവും. പ്രത്യേക ഏരിയകളില്‍ ശ്രദ്ധയൂന്നി പേസ് ചെയ്ഞ്ച് ചെയ്താണ് ഞാന്‍ പൃഥ്വിക്കെതിരേ പന്തെറിഞ്ഞത്. അതു വിജയിച്ചു. ഹിമാന്‍ഷു ചൂണ്ടിക്കാട്ടുന്നു. 

റെയില്‍വേസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 114 റണ്‍സിന് മുംബൈ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിനും. രഹാനെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ എട്ടും റണ്‍സാണ് നേടിയത്. പൃഥ്വി ഷായുടെ സ്‌കോര്‍ 12ഉം 23ഉം ആയിരുന്നു.

Content Highlights: Himanshu Sangwan another ticket collector Indian cricket