സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പന്തില്‍ കൃത്രിമം കാണിച്ച വിവാദം. സ്റ്റീവ് സ്മിത്തിനെ വിലക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓസീസ് ടീമിനെ ട്രോളി പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയക്കാര്‍ തന്നെയാണ് ഈ വീഡിയോക്ക് പിന്നില്‍.

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ റേഡിയോ സ്‌റ്റേഷനായ ട്രിപ്പിള്‍ ജെ തയ്യാറാക്കിയ വീഡിയോയ്ക്ക് വീ ചീറ്റ് അറ്റ് ക്രിക്കറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 

നിലവിലെ വിവാദത്തിനൊപ്പം ഓസ്‌ട്രേലിയക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത അണ്ടര്‍ ആം വിവാദവും വീഡിയോയില്‍ ചര്‍ച്ചയാകുന്നുണ്ട്. 1981ല്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന ഗ്രെഗ് ചാപ്പലിന്റെ നിര്‍ദേശപ്രകാരം ട്രെവര്‍ ചാപ്പല്‍ അണ്ടര്‍ ആം ബോള്‍ എറിയുകയായിരുന്നു. ന്യൂസീലന്‍ഡിന് ജയിക്കാന്‍ ഒരു പന്തില്‍ ആറു റണ്‍സ് വേണ്ടപ്പോഴായിരുന്നു ഗ്രെഗ് ചാപ്പില്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്.

അണ്ടര്‍ ആം ബോള്‍ നിയമവിധേയമായിരുന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വ്യാപക ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡി.ആര്‍.എസ് വിളിക്കാന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് നിര്‍ദേശം ചോദിച്ചതും വീഡിയോയില്‍ പറയുന്നുണ്ട്. ഡി.ആര്‍.എസിന് ഗ്രൗണ്ടിന് പുറത്തുനിന്ന് സഹായം ചോദിച്ചത് വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റും തമ്മിലുള്ള വാദപ്രതിവാദമായി മാിയിരുന്നു. തുടര്‍ന്ന് ഐ.സി.സി ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്.

Content Highlights: Hilarious Video Mocking Australian Cricket Team Over Ball Tampering Row Goes Viral