ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരിശീലകനെന്ന പേരുദോഷമുള്ളയാളാണ് മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007 വരെ ഇന്ത്യയെ പരിശീലിപ്പിച്ച ചാപ്പലിന്റെ കാലത്ത് വിവാദങ്ങള്‍ ടീമിനെ വിട്ടൊഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായുള്ള കലഹവും ദാദയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടലുമെല്ലാം അക്കാലത്തെ ചൂടന്‍ വിവാദങ്ങളായിരുന്നു. ഒടുവില്‍ 2007 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതിനു പിന്നാലെയാണ് ചാപ്പലിന്റെ സ്ഥാനം തെറിക്കുന്നത്. 

അന്നത്തെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടായിരുന്ന ചാപ്പലിനെ കുറിച്ച് പക്ഷേ ഇന്ത്യന്‍ താരമായിരുന്ന സുരേഷ് റെയ്‌നയ്ക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചേസ് ചെയ്ത് ജയിക്കാന്‍ പഠിപ്പിച്ച പരിശീലകനാണ് ചാപ്പലെന്നാണ് റെയ്‌നയുടെ അഭിപ്രായം. പുറത്തിറങ്ങാനിരിക്കുന്ന 'ബിലീവ്, വാട്ട് ലൈഫ് ആന്‍ഡ് ക്രിക്കറ്റ് ടോട്ട് മി' എന്ന തന്റെ ആത്മകഥയില്‍ റെയ്‌ന ചാപ്പലിനെ വാഴ്ത്തുന്നുണ്ട്. 

അന്ന് താനുള്‍പ്പെടെ ധോനി, ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളില്‍ ചാപ്പലുണ്ടാക്കിയ സ്വാധീനം ഒരിക്കലും അവഗണിക്കാന്‍ സാധിക്കില്ലെന്നും റെയ്‌ന തന്റെ പുസ്തകത്തില്‍ പറയുന്നു. 

പുതുതലമുറയിലെ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ചാപ്പല്‍ നടത്തിയ ശ്രമമാണ് ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിനു പിന്നിലെന്നും റെയ്‌ന പറയുന്നു. വിജയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ ജയിക്കാമെന്നും ഇന്ത്യയെ പഠിപ്പിച്ചത് ചാപ്പലാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

''ഞങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയാണ് വിജയകരമായി റണ്‍സ് പിന്തുടരേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. എങ്ങനെയാണ് റണ്‍സ് പിന്തുടരേണ്ടതെന്ന് ടീം മീറ്റിങ്ങുകളില്‍ അദ്ദേഹം പറയുമായിരുന്നു. അക്കാലത്താണ് ടീമിലെ ബാറ്റിങ് ഓര്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമായത്. യുവ്‌രാജ്, ധോനി, ഞാന്‍ എന്ന തരത്തിലായിരുന്നു അന്നത്തെ ബാറ്റിങ് ഓര്‍ഡര്‍.'' - റെയ്‌ന കുറിച്ചു.

Content Highlights: He taught us to chase totals Suresh Raina on Greg Chappell