ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരം മൂന്നു വിക്കറ്റിനു തോറ്റതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടരുന്നു. മത്സരം ഇന്ത്യ തോല്ക്കാന് കാരണം ധോനിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.
മത്സരത്തില്‍ 37 പന്തില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായിരുന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്ട്രൈക്ക് നിലനിര്‍ത്താനായി ധോനി എട്ടോളം സിംഗിളുകളാണ് ഓടാതിരുന്നത്. യൂസ്വേന്ദ്ര ചാഹലായിരുന്നു അപ്പുറത്തുണ്ടായിരുന്നതെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്താനും ധോനിക്ക് സാധിച്ചില്ല. ഒരേയൊരു സിക്സ് മാത്രമാണ് ധോനിയുടെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.
അവസാന ഓവറിലാണ് ധോനി ഒരു സിക്സ് നേടിയത്. പിന്നീട് ഓവറില്‍ നിന്ന് വൈഡിലൂടെ ലഭിച്ച ഒരു റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ഇതോടെയാണ് പതിവുപോലെ ധോനിക്കെതിരേ ആരാധക രോഷം ഉയര്‍ന്നത്. ധോനി ദയവായി വിരമിക്കണമെന്നും മികച്ച യുവ കളിക്കാര്‍ ഇന്ത്യയ്ക്കുണ്ടെന്നും ആരാധകര്‍ പറയുന്നു. ധോനി ഒട്ടേറെ ഇന്നിങ്സുകളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ടെന്നും പക്ഷെ ചിലപ്പോള്‍ അത് എതിര് ടീമിനെയാണെന്നും പരിഹസിക്കുന്നവരുമുണ്ട്.
ധോനിയുടെ കാലം കഴിഞ്ഞെന്നും ട്വന്റി 20-യില്‍ നൂറില്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരം എന്തിനാണ് ടീമിലെന്നും തരത്തിലുള്ള കമന്റുകള്‍ ട്വിറ്ററില്‍ നിറയുകയാണ്. ധോനിക്ക് പ്രത്യേകം വിശ്രമം നല്‍കേണ്ടതില്ലെന്നും മത്സരത്തിനിടയില്‍ തന്നെ അദ്ദേഹം അതിനുള്ള സമയം കണ്ടെത്തുന്നുണ്ടെന്നുമായിരുന്നു മറ്റൊരു കമന്റ്.
അതേസമയം ധോനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് രംഗത്തെത്തിയിരുന്നു. കളിയുടെ ആ ഘട്ടത്തില്‍ ധോനി സ്ട്രൈക്ക് നിലനിര്‍ത്താന്‍ ശ്രമിച്ചത് ഉചിതമായ കാര്യമാണെന്നായിരുന്നു മാക്സ്വെല് പറഞ്ഞത്. മറ്റ് താരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒരു ബാറ്റ്സ്മാന് സ്ട്രൈക്ക് നിലനിര്‍ത്തുന്നത് നല്ലതാണ്. അവിടെ ധോനി കളിച്ചതുപോലെ ക്ഷമയോടെയുള്ള ഒരു ഇന്നിങ്സ് കളിക്കാനേ സാധിക്കൂ. അതും സ്വാഭാവികമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ അത്ര കേമനല്ലാത്ത സ്പിന്നര്‍ ചാഹല്‍ അപ്പുറത്തുള്ളപ്പോള്‍. വമ്പനടികള്‍ക്ക് കഴിയാത്ത നിലവിലെ സാഹചര്യത്തില്‍ പോലും ധോണി ലോകോത്തര ഫിനിഷറാണെന്നും മാക്സ്വെല് പറഞ്ഞിരുന്നു.
Content Highlights: he is finished ms dhoni criticised on twitter after slow knock
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..