ന്യൂഡല്‍ഹി: കരുത്തുറ്റ ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിങ് നിരയില്‍ രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുടെ വിരമിക്കല്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഇന്ത്യയുടെ അടുത്ത തലമുറയെ കാക്കുമെന്ന് ഏവരും കരുതി. എന്നാല്‍ ദ്രാവിഡ്, ലക്ഷ്മണ്‍, സച്ചിന്‍ എന്നിവരുടെ വിരമിക്കലോടുകൂടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരെന്ന് പേരെടുത്ത സെവാഗിന്റെയും ഗംഭീറിന്റെയും ഫോം മങ്ങി. മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരുടെ വരവോടെ ഇരുവര്‍ക്കും പിന്നീട് ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്തു.
ഇപ്പോഴിതാ ഇനിയും ഏറെക്കാലം ഇന്ത്യയ്ക്കായി കളിക്കേണ്ടിയിരുന്ന താരമായിരുന്നു ഗംഭീറെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയിലുള്ളപ്പോഴാണ് ഗംഭീര്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറാകുന്നത്.
''നല്ല കഴിവുള്ള താരമായിരുന്നു ഗംഭീര്‍. പക്ഷേ ദേഷ്യവും വികാരങ്ങളും അവന് നിയന്ത്രിക്കാനായിരുന്നില്ല. അവനുണ്ടായിരുന്ന കഴിവനുസരിച്ച് ഇനിയും ഏറെക്കാലം ഇന്ത്യയ്ക്കായി കളിക്കേണ്ടിയിരുന്ന താരമായിരുന്നു ഗംഭീര്‍'', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഗംഭീര്‍ 2018-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി രണ്ടു ലോകകപ്പ് ഫൈനലുകളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഗംഭീര്‍. 2007-ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ 54 പന്തില്‍ 75 റണ്‍സെടുത്ത ഗംഭീര്‍ 2011-ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 97 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.
Content Highlights: he had lot of talent but couldn’t control his anger Dilip Vengsarkar on Gautam Gambhir