മുംബൈ: എം.എസ് ധോനിയുടെ വിരമിക്കലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കാത്തിരിക്കുന്ന അടുത്ത വലിയം സംഭവം. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോഴും സജീവമായി തന്നെ നില്‍ക്കുന്നു.

ധോനി ഒഴിച്ചിട്ടുപോകുന്ന സ്ഥാനം ആര് സ്വന്തമാക്കും എന്ന സംശയവും പലര്‍ക്കുമുണ്ട്. ധോനിയുടെ പിന്‍ഗാമിയായി അവരോധിച്ച ഋഷഭ് പന്തിനെ വൈകാതെ മോശം ഫോമിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തേണ്ടി വന്നിരുന്നു. പകരമെത്തിയ കെ.എല്‍ രാഹുലാകട്ടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുമുണ്ട്. എന്നാലിപ്പോഴിതാ ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു ഇന്ത്യന്‍ യുവതാരമാണ് ധോനിയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ യോഗ്യനെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

ധോനിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 18-കാരന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ റിയാന്‍ പരാഗാണെന്ന് ഉത്തപ്പ പറഞ്ഞു. ക്രിക്ക്ഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം ചൂണ്ടടിക്കാട്ടിയത്.

''ഇപ്പോഴത്തെ യുവതാരങ്ങളില്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പരാഗ്. ഇന്ത്യ തീര്‍ച്ചയായും ഭാവിയിലേക്കു നോക്കിവയ്ക്കേണ്ട താരം തന്നെയാണ് അവന്‍. നല്ല പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ട് വരികയാണങ്കില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരം. ഇന്ത്യയുടെ അടുത്ത എം.എസ് ധോനി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അവന്‍'', ഉത്തപപ് പറഞ്ഞു.

അസം സ്വദേശിയായ പരാഗ് കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓള്‍റൗണ്ടറായ താരം ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറിയടക്കം 160 റണ്‍സ് നേടുകയും രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു.

അതേസമയം പരാഗിനെ കുറിച്ച് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും നല്ല അഭിപ്രായമാണുള്ളത്. ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് പരാഗെന്നും പറഞ്ഞ അദ്ദേഹം അവന്റെ ബാറ്റിങ് ഏറെ അനുഭവസമ്പത്തുള്ള ഒരാളെ പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. നല്ല ഭാവിയുള്ള താരമാണ് അവന്‍. 17 വയസില്‍ പരാഗിനുള്ള അത്ര ആത്മവിശ്വാസം തനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: He could be the answer to next MS Dhoni Robin Uthappa on indian youngster Riyan Parag