സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് കാണികളില്‍ നിന്ന് മുന്‍പ് വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. 

ഇത്തവണ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും സമാന അനുഭവമുണ്ടായതിനു പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.

സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സിറാജിനും ബുംറയ്ക്കുമെതിരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.

പരാതി നല്‍കിയിട്ടും നാലാം ദിനം വീണ്ടും സിറാജിന് മോശം അനുഭവം ഉണ്ടായി. സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം പരാതി നല്‍കിയ ശേഷവും സിഡ്‌നി കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് അശ്വിന്‍ പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

''അഡ്ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ല. എന്നാല്‍ സിഡ്‌നിയില്‍ ഇത് പതിവ് കാര്യമാണ്. മുന്‍കാലങ്ങളില്‍ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകര്‍ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവര്‍ എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന്.'' - അശ്വിന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അപലപിച്ചു.

Content Highlights: Have faced racism in Sydney earlier too says R Ashwin