മുംബൈ: ബാറ്റ്‌സ്മാന്‍മാരെ യോര്‍ക്കറുകളിലൂടെ വിറപ്പിക്കുന്ന പേസ് ബൗളറാണ് ഡെയ്ല്‍ സ്റ്റെയ്ന്‍. എന്നാല്‍ ഈ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്ക് ഒരു ഇന്ത്യന്‍ ബൗളറോട് കടുത്ത ആരാധനയാണ്. മറ്റാരുമല്ല, ഇഷാന്ത് ശര്‍മ്മയാണ് ആ ബൗളര്‍. പേസിനെ തുണക്കാത്ത ഇന്ത്യയിലെ പിച്ചുകളില്‍ ഇഷാന്ത് ബൗള്‍ ചെയ്യുന്ന രീതിയാണ് ഈ ആരാധനക്ക് പിന്നില്‍

ബി.സി.സി.ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റെയ്ന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. കുറേ കാലമായി ഞാന്‍ ഇഷാന്തിന്റെ ആരാധകനാണ്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനില്‍ കളിക്കുമ്പോള്‍ ഇഷാന്തിനൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അവന്റെ പ്രതിഭ ഞാന്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ഇഷാന്ത് നിര്‍ഭാഗ്യവാനായ പേസറാണെന്നാണ് തോന്നിയിട്ടുള്ളത്. ഇന്ത്യ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് സ്വന്തം മണ്ണിലാണ്. ഇന്ത്യയിലെ പിച്ചുകള്‍ ഒരിക്കലും പേസര്‍മാര്‍ക്ക് ആനുകൂല്യം നല്‍കുന്നതല്ല. ഇന്ത്യയാകട്ടെ, സ്പിന്നര്‍മാരെ ആശ്രയിച്ചാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലൊക്കെ പര്യടനത്തിന് പോകുമ്പോള്‍ മാത്രമാണ് പേസര്‍മാരുടെ ഫിറ്റ്‌നെസ് ടീമിന് ആവശ്യമുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചത് ഇഷാന്തിനെ ഒരുപാട് സഹായിച്ചു. ഇഷാന്ത് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സ്റ്റെയ്ന്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയില്‍ മികച്ച ഫോമിലാണ് ഇഷാന്ത്. നാല് ടെസ്റ്റില്‍ നിന്ന് 15 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിന് വേണ്ടി കളിച്ചത് ഇഷാന്തിന് തയ്യാറെടുപ്പിനുള്ള അവസരവുമായി. 

Content Highlights: Have been a big fan of Ishant for a long time, says Dale Steyn