Photo: twitter.com/NorthantsCCC
നോര്‍ത്താംപ്ടണ്‍: തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 സന്നാഹമത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. നോര്ത്താംപ്ടണ്ഷെയറിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നോര്‍ത്താംപ്ടണ്‍ഷെയര്‍ 19.3 ഓവറില്‍ 139 റണ്‍സിന് ഓള്‍ഔട്ടായി.
ഹര്‍ഷല്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി 36 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത ഹര്‍ഷല്‍ 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഹര്‍ഷലിനെ കൂടാതെ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത എമിലിയോ ഗയ്, 35 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സെയ്ഫ് സായിബ് എന്നിവര്‍ക്ക് മാത്രമാണ് നോര്‍ത്താംപ്ടണ്‍ഷെയറിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ഹര്‍ഷല്‍, 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്, 22 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സ് മികവില്‍ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു. ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചിന് 72 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് ഹര്‍ഷല്‍ ക്രീസിലെത്തുന്നത്. ആറാം വിക്കറ്റില്‍ വെങ്കടേഷ് അയ്യരെ കൂട്ടുപിടിച്ച് ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്ത 60 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..