ഗയാന: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കരുത്തരായ ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം വിജയമാഘോഷിച്ചത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഹര്‍നൂര്‍ സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്‌കോര്‍ ഓസ്‌ട്രേലിയ 49.2 ഓവറില്‍ 268 ന് ഓള്‍ ഔട്ട്, ഇന്ത്യ 47.3 ഓവറില്‍ ഒന്നിന് 269.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ യാഷ് ധുല്ലിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ 268 റണ്‍സിലൊതുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. സെഞ്ചുറി നേടിയ നായകന്‍ കൂപ്പര്‍ കോണോലി മാത്രമാണ് ഓസീസിനുവേണ്ടി തിളങ്ങിയത്. 125 പന്തുകളില്‍ 117 റണ്‍സെടുത്ത കൂപ്പര്‍ 14 ബൗണ്ടറിയും നാല് സിക്‌സും നേടി. ഇന്ത്യയ്ക്ക് വേണ്ടി രവികുമാര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ രാജ് ബാവ മൂന്നുവിക്കറ്റെടുത്തു. 

269 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലെത്തി. 27 റണ്‍സെടുത്ത ഓപ്പണര്‍ അംഗ്ക്രിഷ് രഘുവംശിയെ പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഹര്‍നൂറും ഷെയ്ഖ് റഷീദും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. 108 പന്തുകളില്‍ നിന്ന് 100 റണ്‍സെടുത്ത ഹര്‍നൂറിന്റെ ബാറ്റില്‍ നിന്ന് 16 ബൗണ്ടറി പിറന്നു. ഷെയ്ഖ് റഷീദ് 72 റണ്‍സെടുത്തു.

പരിശീലന മത്സരമായതിനാല്‍ ഇരുവരും റിട്ടയര്‍ ചെയ്തു. പിന്നാലെ വന്ന നായകന്‍ യാഷ് ധുള്ളും ദിനേശ് ബാനയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. യാഷ് 50 റണ്‍സെടുത്തും ബാന രണ്ട് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 

അണ്ടര്‍ 19 ലോകകപ്പിന് വെള്ളിയാഴ്ച്ചയാണ് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബി യിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 15 നാണ്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. അയര്‍ലന്‍ഡ്, യുഗാന്‍ഡ ടീമുകളും ഗ്രൂപ്പ് ബി യിലാണ്. 

Content Highlights: Harnoor Singh's Ton Scripts India's Nine-wicket Thrashing Of Australia In U19 World Cup Warm Up Game