യക്കുമരുന്നിന്റെ ലഹരിക്കെണിയില്‍ കുടുങ്ങിയ പഞ്ചാബി യുവത്വത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അനുരാഗ് കശ്യപിന്റെ 'ഉഡ്താ പഞ്ചാബ്'. ഹോക്കി കളിക്കാരിയാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ മയക്കുമരുന്നില്‍ മയങ്ങിപ്പോയ ആലിയ ഭട്ട് അവതരിപ്പിച്ച ബൗരിയ (ബിഹാറില്‍ നിന്ന് കുടിയേറിയെത്തിയ) എന്ന കഥാപാത്രം പ്രേക്ഷകരെ കൂടി മയക്കിയെടുത്താണ് കടന്നുപോയത്. ആ ബൗരിയക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ നായിക ഹര്‍മന്‍പ്രീത് കൗറിനും ചില സാമ്യങ്ങളുണ്ട്. മയക്കുമരുന്ന് കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പഞ്ചാബിലെ മോഗയില്‍ നിന്നാണ് ഹര്‍മന്‍പ്രീത് കൗറും വരുന്നത്. എന്നാല്‍ സിനിമയില്‍ പരാജയപ്പെട്ട നായികയായ ബൗരിയയെപ്പോലെ അവളായില്ല. മറിച്ച് ജീവിതത്തില്‍ അവള്‍ വിജയനായികയായി മാറി.

പഞ്ചാബിലെ ഡോലെവാല ഗ്രാമം മയക്കുമരുന്നിന്റെ കേന്ദ്രങ്ങളിലൊന്നാണ്. വീടുകള്‍തോറും മയക്കുമരുന്ന് കൊണ്ടു നടന്ന് വില്‍പന നടത്തുന്ന സ്ഥലം. ഇവിടെയുള്ള 390 കുടുംബങ്ങള്‍ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടവരാണ്‌. ആകെ 400 കുടുംബങ്ങളേ ഈ ഗ്രാമത്തിലുള്ളൂ എന്നത് അവിടെ മയക്കുമരുന്ന് വില്‍പന എത്ര ആഴത്തില്‍ ഉണ്ടെന്നെതിനുള്ള തെളിവാണ്. 

ഈ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ മാത്രമാണ് ഹര്‍മന്റെ വീട്. എന്നാല്‍ ഒരിക്കല്‍ പോലും മയക്കുമരുന്നിന്റെ ലഹരിയിലേക്ക് വീഴാതെ ഹര്‍മന്‍ ചെറുപ്പംമുതല്‍ ക്രിക്കറ്റ് മാത്രം മനസ്സില്‍ സ്വപ്‌നം കണ്ടാണ് വളര്‍ന്നത്. അയല്‍ക്കാരുടെ വീട്ടിലെ ജനാലകള്‍ പൊട്ടിക്കുന്നത് ഹര്‍മന്റെ സ്ഥിരം പരിപാടിയായിരുന്നു. മയക്കുമരുന്നിന്റെ മായിക ലോകത്തിനൊപ്പം വ്യവസ്ഥിതിയിയെയും സാമ്പത്തിക പരാധീനതകളെയും ഇരുപത്തിയെട്ടുകാരിക്ക് തോല്‍പിക്കേണ്ടിയിരുന്നു. അച്ഛനും അമ്മയും പൂര്‍ണ പിന്തുണ നല്‍കിയതോടെ ഹര്‍മന് കാര്യങ്ങള്‍ എളുപ്പമായി. ക്രിക്കറ്റില്‍ ഓരോ ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. 

ഒടുവില്‍ വനിതാ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി പ്രകടനത്തിലൂടെ ഹര്‍മന്‍ മോഗയിലെ ജനങ്ങളുടെ മനസ്സിലിടം നേടി. ഹര്‍മന്റെ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നവരാണ് ഇന്ന് മോഗക്കാര്‍. കുപ്രസിദ്ധിയാര്‍ജിച്ച ഗ്രാമത്തെ പ്രസിദ്ധിയിലേക്ക് എത്തിച്ചവളാണ് ഹര്‍മനെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.