ന്യൂഡല്‍ഹി: വനിതാ ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറായ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ് ആര്‍ക്കും മറക്കാനാവില്ല. 115 പന്തില്‍ നിന്ന് പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍ അടിച്ചെടുത്തത്. ഹര്‍മന്റെ ഈ പ്രകടനത്തിന് സമ്മാനമെന്നോണം വടക്കൻ റെയില്‍വേ പഞ്ചാബി താരത്തിന് ജോലി വാഗ്ദാനം ചെയ്തു. 

പഞ്ചാബി താരത്തിന്റെ ഈ പ്രകടനം കണ്ട് മുന്‍താരവും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവും വെസ്‌റ്റേണ്‍ റെയില്‍വേസില്‍ മുന്‍ ഉദ്യോഗസ്ഥയുമായ ഡയാന എഡുല്‍ജിയും റെയില്‍വേയില്‍ ജോലിവാഗ്ദാനവുമായി ഹര്‍മനെ സമീപിച്ചു. എന്നാല്‍ തനിക്ക് വടക്കൻ റെയില്‍വേ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹര്‍മന്‍ ഡയാനയെ അറിയിക്കുകയായിരുന്നു. 

'എന്നാല്‍ ജൂനിയര്‍ ക്ലാസിലുള്ള അവളുടെ ജോലിയില്‍ എനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ചീഫ് സൂപ്രണ്ട് പദവിക്കെങ്കിലും അവള്‍ അര്‍ഹയായിരുന്നു. തുടര്‍ന്ന് അവളുടെ പോസ്റ്റ് ഉയര്‍ത്താന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് കത്തയച്ചെങ്കിലും അത് നിരാകരിപ്പെടുകയായിരുന്നു.' ഡയാന ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പിന്നീട് ഡയാന സച്ചിന്‍ തെണ്ടുല്‍ക്കറുടെ സഹായം തേടി. 'പാര്‍ലമെന്റംഗമായ സച്ചിന്‍ വഴി കേന്ദ്ര റെയില്‍വേമന്ത്രിക്ക് കത്തയക്കാനാണ് ഞാന്‍ സച്ചിനെ സമീപിച്ചത്. സച്ചിന്‍ സമ്മതമറിയിക്കുകയും ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു.' തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേസില്‍ സൂപ്രണ്ടായി ഹര്‍മന് ജോലി ലഭിച്ചു.

ഇതിന് മുമ്പ് ഒരു ജോലിക്ക് വേണ്ടി അധികൃതരെ സമീപിച്ചപ്പോള്‍ കയ്പ്പുള്ള അനുഭവവും ഹര്‍മനുണ്ടായിട്ടുണ്ട്. പഞ്ചാബ് പോലീസില്‍ ജോലിക്ക് അപേക്ഷിച്ച ഹര്‍മന് തിരസ്‌കാരം മാത്രമാണ് നേരിട്ടത്. 2010-11 വര്‍ഷത്തിലായിരുന്നു അത്. ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായിരുന്നു.

വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ജോലി കൊടുക്കുന്ന ഏര്‍പ്പാടില്ലെന്നും ഡി.എസ്.പി പോസ്റ്റ് നല്‍കാന്‍ ഹര്‍ഭജന്‍ സിങ്ങൊന്നുമല്ലലോ ഹര്‍മനെന്നുമാണ് അന്ന് പഞ്ചാബ് പോലീസിലെ സീനിയര്‍ ഓഫീസര്‍ പരിഹസിച്ചത്. അന്ന് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും ജോലി ലഭിച്ചില്ലെന്നും ഹര്‍മന്റെ പരിശീലകന്‍ യദാവിന്ദര്‍ സോധി പറയുന്നു. ഏതായാലും അന്ന് നേരിട്ട തിരസ്‌കാരത്തിന് തന്റെ ക്രിക്കറ്റ് പ്രതിഭയിലൂടെ തന്നെ ഹര്‍മന്‍ മറുപടി നല്‍കി.