ചണ്ഡീഗഡ്: പത്താം നമ്പര്‍ ജഴ്‌സി ഏത് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റേതെന്ന് ചോദിച്ചാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടേതെന്ന് നമുക്ക് കണ്ണുംപൂട്ടി ഉത്തരം നല്‍കാനാകും. ആ പത്താം നമ്പര്‍ ജഴ്‌സിയും ഇന്ത്യന്‍ ക്രിക്കറ്റും തമ്മില്‍ അത്രയ്ക്ക ദൃഢമായ ബന്ധമുണ്ട്. എന്നാല്‍ ടിട്വന്റി ലോകകപ്പില്‍ സെഞ്ചുറി നേടി ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ ജഴ്‌സി നമ്പര്‍ എത്രായണെന്നറിയുമോ? 84. പക്ഷേ അതു വെറുമൊരു നമ്പര്‍ മാത്രമല്ല, അതിന് പിന്നില്‍ ഒരു കഥയുണ്ട്. 

ഹര്‍മന്‍പ്രീതിന്റെ അമ്മ സതീന്ദര്‍ കൗര്‍ തന്നെയാണ് ആ നമ്പറിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആ ജഴ്‌സി ധരിക്കുന്നത്. ടി ട്വന്റി ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍മന്‍പ്രീതിന്റെ അമ്മ പറയുന്നു.

1984-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി സിഖുകാരായ രണ്ട് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതോടെ സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേര പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. ഇരുപത്തിയെട്ടുകാരിയായ ഹര്‍മന്‍പ്രീത് പഞ്ചാബിലെ മോഗയിലാണ് ജനിച്ചത്. ഹര്‍മന്റെ അച്ഛനും അമ്മയും സിഖുകാരാണ്. സ്ഥിരം 84 നമ്പര്‍ ജേഴ്സിയാണ് ഹര്‍മന്‍പ്രീത് ധരിക്കാറെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ 17-ാം നമ്പര്‍ ജേഴ്സിയാണ് താരം ധരിച്ചിരുന്നത്.

Content Highlights: Harmanpreet Kaur's mother explains why her daughter wears jersey no 84