മുംബൈ: വനിതാ ക്രിക്കറ്റിലും ഐ.പി.എല്‍ വേണമെന്ന ആവശ്യത്തിന് ഒടുവില്‍ ബി.സി.സി.ഐ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരവും നടന്നു. സ്മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ട്രയല്‍ബ്ലേസേഴ്‌സും ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയില്‍ സൂപ്പര്‍നോവാസുമാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ സൂപ്പര്‍നോവാസിനായിരുന്നു വിജയം.

ട്രയല്‍ബ്ലേസേഴ്‌സ് മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൂപ്പര്‍നോവാസ് അവസാന പന്തിലാണ് വിജയം നേടിയത്. അവസാന രണ്ട് ഓവറില്‍ സൂപ്പര്‍നോവാസിന് വിജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ സൂപ്പന്‍നോവാസിന്റെ വിജയത്തേക്കാള്‍ ഹര്‍മന്‍പ്രീതിന്റെ ഒരു മനോഹര ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മനോഹരമായ ഷോട്ടുകളുമായി മന്ദാന ട്രയല്‍ബ്ലേസേഴ്‌സിനെ മുന്നോട്ടു നയിക്കുന്നതിനിടയിലായിരുന്നു ഇത്. എന്നാല്‍ കൗറിന്റെ പറക്കുംക്യാച്ചില്‍ മന്ദാന പുറത്തായി.  ട്രയല്‍ബ്ലേസേഴ്‌സ് രണ്ടാം ഓവറില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലായിരിക്കുമ്പോഴാണ് മന്ദാന പുറത്തായത്. എല്ലിസ് പെരി എറിഞ്ഞ പന്ത് സ്മൃതി ഉയര്‍ത്തി അടിച്ചു. പന്തിന് പിന്നാലെ ഓടിയെത്തിയ ഹര്‍മന്‍പ്രീത് ചാടിയുയര്‍ന്ന് ക്യാച്ച് ചെയ്ത് മന്ദാനയെ പുറത്താക്കുകയായിരുന്നു.

ഹര്‍മന്‍പ്രീതിന്റെ ഈ ക്യാച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് പക്ഷിയോ വിമാനമോ അല്ല, ഹര്‍മന്‍പ്രീത് കൗറാണ് എന്നൊക്കെയാണ് ആരാധകര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ഗേള്‍ എന്നാണ് മറ്റു ചിലര്‍ ഹര്‍മന്‍പ്രീതിനെ വിശേഷിപ്പിക്കുന്നത്. 

 

Content Highlights:  Harmanpreet Kaur’s flying catch leaves Tweeple mesmerised in IPL Women’s T20