ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സൂപ്പര്‍ ക്യാച്ചുമായി ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങ്ങ്. ബൗണ്ടറി ലൈനിന് അരികില്‍ പിന്നിലേക്ക് പറന്നായിരുന്നു ഹര്‍മന്റെ ക്യാച്ച്. ഒറ്റക്കൈ കൊണ്ട് താരം പന്ത് കൈപ്പിടിയിലൊതുക്കി.

വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിലെ അവസാന പന്തിലായിരുന്നു ഈ വിക്കറ്റ്. വിന്‍ഡീസ് താരം സ്റ്റെഫാനി ടെയ്‌ലര്‍ 94 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു. സിക്‌സിലൂടെ സെഞ്ചുറി പൂര്‍ത്തിയാക്കാനായിരുന്നു ടെയ്‌ലറുടെ ശ്രമം. ഇതിനായി ലോങ് ഓണിലേക്ക് പന്ത് പറത്തുകയായിരുന്നു ടെയ്‌ലര്‍. എന്നാല്‍ ആ പന്ത് ഹര്‍മന്‍പ്രീതിന്റെ കൈയിലൊതുങ്ങി. 

മത്സരത്തില്‍ ഒരൊറ്റ റണ്ണിന് ഇന്ത്യ പരാജയപ്പെട്ടു. 226 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 224 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. പ്രിയ പുനിയയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

 

Content Highlights: Harmanpreet Kaur pulls off incredible one handed catch