'നിങ്ങള്‍ക്ക് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ അതില്‍ അഭിമാനിക്കൂ, ആണ്‍കുട്ടിയെപ്പോലെ എല്ലാ സ്വാതന്ത്ര്യവും നല്‍കി അവളെ വളര്‍ത്തൂ, അവരുടെ സ്വപ്‌നത്തില്‍ ജീവിക്കാന്‍ ഒരവസരം നല്‍കൂ' ഏതോ മഹത് വ്യക്തി പറഞ്ഞ വാക്കുകളാണ് ഇതെന്ന് തെറ്റിദ്ധരിക്കണ്ട. ഒരൊറ്റ സെഞ്ചുറിയിലൂടെ ഇന്ത്യയുടെ ഹൃദയം കവര്‍ന്ന ഹര്‍മന്‍പ്രീത് കൗറിന്റെ അമ്മ സതീന്ദര്‍ കൗറിന്റെ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണിത്.

പഞ്ചാബിലെ ഒരു സാധാരണ വീട്ടമ്മയാണ് സതീന്ദര്‍ കൗര്‍. എന്നിട്ടും പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ നല്‍കണമെന്നും അവര്‍ക്ക് സമൂഹം എന്തെല്ലാം നിഷേധിക്കുന്നുണ്ടെന്നും ഈ അമ്മയ്ക്ക് നന്നായി അറിയാം. ആ ധാരണ തന്നെയാണ് ഹര്‍മന്‍പ്രീതിനെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ വരെയെത്തിച്ചത്. 

'പെണ്‍കുട്ടിയാണെന്ന് അറിയുമ്പോള്‍ തന്നെ ഗര്‍ഭപാത്രത്തില്‍വെച്ചു കൊല്ലും. ഈ പ്രവണത എന്നു മാറാനാണ്. ഒരു സ്വാതന്ത്ര്യവും നല്‍കാതെ അവരെ വളര്‍ത്തും. അതിന് പകരം അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പം ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്' ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ. 

harmanpreeth kaur

കൗറിന്റെ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും തന്റെ ഭര്‍ത്താവിനാണ് അവര്‍ നല്‍കുന്നത്. കുട്ടിയായിരുന്നപ്പോള്‍ പരിശീലനത്തിനായി ഗ്രൗണ്ടില്‍ കൊണ്ടുപോയതും എല്ലാത്തിനും പിന്തുണ നല്‍കിയതും അവളുടെ അച്ഛനാണ്. അല്ലെങ്കില്‍ എന്റെ മകള്‍ ഇന്ന് ഇങ്ങനെയൊരു നേട്ടത്തിലെത്തില്ല. അമ്മ പറയുന്നു.

ഇന്ത്യയുടെ സെമിഫൈനല്‍ ഒരു പന്ത് പോലും വിടാതെ ടി.വിക്ക് മുന്നിലിരുന്ന് കാണുകയായിരുന്നു ഹര്‍മന്‍പ്രീത് കൗറിന്റെ കുടുംബം. സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ തുടരെ ഫോണ്‍വിളികളായിരുന്നു. അഭിനന്ദനം അറിയിക്കാന്‍. ഫോണില്‍ സംസാരിച്ച് മടുത്തുവെന്നും കൗറിന്റെ അമ്മ പറയുന്നു.

ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ 115 പന്തില്‍ 171 റണ്‍സാണ് കൗര്‍ കുറിച്ചത്. അതും 20 ഫോറിന്റെയും ഏഴു സിക്‌സിന്റെയും അകമ്പടിയോടെ. ഒപ്പം ഒരുപിടി റെക്കോഡുകളും ഈ പഞ്ചാബുകാരിയുടെ കൂടെപ്പോന്നു. വനിതാ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ വ്യക്തിഗത സ്‌കോര്‍, ഇന്ത്യക്കാരിയുടെ രണ്ടാമത്തെ മികച്ച സ്‌കോര്‍.