മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ സ്റ്റൈല്‍. പുരുഷ താരങ്ങളെപ്പോലെ ഗാലറിക്ക് മുകളിലൂടെ സിക്‌സ് പായിക്കുന്നതില്‍ വിദഗ്ദ്ധയാണ് ഹര്‍മന്‍. ലോകകപ്പ് സെമിയില്‍ ഓസീസിനെതിരെ ഹര്‍മന്റെ ഈ വിസ്‌ഫോടനം നമ്മള്‍ കണ്ടതുമാണ്.

ചെറുപ്പം മുതലേ ഇത്തരത്തില്‍ ബാറ്റു ചെയ്യാനായിരുന്നു ഹര്‍മന് താത്പര്യം. ക്രീസിലിറങ്ങിയാല്‍ പിന്നെ ബൗളര്‍മാരെ സിക്‌സിലേക്ക് പറത്തുന്നത് മാത്രമേ ആലോചിക്കാറുള്ളുവെന്നും ഹര്‍മന്‍ പറയുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമിന് മുംബൈയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹര്‍മന്‍.

' ഞാനെപ്പോഴും അങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറുള്ളത്. ചെറുപ്പം മുതല്‍ സിക്‌സ് അടിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും സന്തോഷം കണ്ടെത്തിയിരുന്നത്. അന്ന് ആണ്‍കുട്ടികളോടൊപ്പമായിരുന്നു കളി. അവര്‍ എപ്പോഴും സിക്‌സ് അടിക്കും. അതുകണ്ട് ഞാനും അങ്ങനെ കളിക്കാന്‍ തുടങ്ങി' ഹര്‍മന്‍ പറയുന്നു.

ഫൈനലില്‍ ഇന്ത്യയെ ജയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഷോട്ട് പിഴച്ചുപോയി. പടിവാതിലില്‍ വരെ എത്തി കിരീടം കൈവിട്ടതില്‍ നിരാശയുണ്ടെന്നും ഇപ്പോഴും മാറിയിട്ടില്ലെന്നും ഹര്‍മന്‍ പറഞ്ഞു.