മുംബൈ: മിതാലി രാജ് വിഷയത്തില്‍ പരിശീലകന്‍ രമേശ് പൊവാറിന് പിന്തുണയുമായെത്തിയ ഹര്‍മന്‍പ്രീത് കൗറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഒരു ടീമില്‍ പരിശീലകന്റെ കടമയെ ഹര്‍മന്‍പ്രീത് പെരുപ്പിച്ച് കാണിക്കകയാണൈന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മഞ്ജരേക്കര്‍ പ്രതികരിച്ചത്. 

'കപ്പ് കിട്ടിയതിനു തുല്യം ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നില്ല പൊവാറെന്ന് ഹര്‍മന്‍പ്രീതിനെ ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. പൊവാറിനെ ഒഴിവാക്കിയാല്‍ നമ്മള്‍ പൂജ്യത്തില്‍നിന്നു തുടങ്ങണമെന്നു കരുതുന്നത് ഒരു കോച്ചിന്റെ കടമയെ പര്‍വതീകരിക്കുന്നതാണ്.' മഞ്ജരേക്കര്‍ ട്വീറ്റില്‍ പറയുന്നു. 

ടീമിന്റെ പരിശീലകനായി പൊവാറിനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ചൊവ്വാഴ്ച്ച ബി.സി.സി.ഐയ്ക്ക് കത്തയച്ചിരുന്നു. പൊവാര്‍ ടീമിന് സംഭാവന ചെയ്ത നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു കത്ത്. ഒരു മേശക്ക് ഇരുവശവും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ മിതാലിയും പൊവാറും തമ്മിലുള്ളുവെന്നും ട്വീറ്റില്‍ ഹര്‍മന്‍പ്രീത്  വ്യക്തമാക്കിയിരുന്നു. ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ ടീമില്‍നിന്ന് മിതാലിയെ ഒഴിവാക്കിയതാണ് ഇന്ത്യന്‍ ടീമിലെ വിവാദങ്ങള്‍ക്ക് കാരണം.

Content Highlights: Harmanpreet Kaur Exaggerating Role Of Coach In Team, Says Sanjay Manjrekar