1983ലെ ലോകകപ്പ് ഗ്രൂപ്പ്‌ മത്സരത്തില്‍ 138 പന്തില്‍ 175 റണ്‍സ് നേടിയ കപില്‍ ദേവിന്റെ ഇന്നിങ്‌സ് ആരും മറന്നിട്ടുണ്ടാകില്ല. സിംബാബ്‌വെക്കെതിരെ ഇന്ത്യ അഞ്ചു വിക്കറ്റിന് 17 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരിക്കുമ്പോഴാണ് കപില്‍  രക്ഷകനായത്. ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി അത് ഇന്നും വിലയിരുത്തപ്പെടുന്നു. 

കപില്‍ ദേവിന്റെ ആ ഇന്നിങ്‌സിന് സമാനമായൊരു ബാറ്റിങ്‌ വ്യാഴാഴ്ച്ച രാത്രി ഡെര്‍ബിയില്‍  നടന്ന വനിതാ ലോകകപ്പ് സെമിഫൈനലിലും  ആരാധകര്‍ കണ്ടു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ആ ഇന്നിങ്‌സിന്റെ ഉടമ. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയ കൗര്‍ 115 പന്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. 20 ഫോറും ഏഴു സിക്‌സും. മത്സരം 42 ഓവറാക്കി ചുരുക്കിയില്ലെങ്കില്‍ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്‌സ് ഇരട്ട സെഞ്ചുറിയിലാകും അവസാനിക്കുക.

ഹര്‍മന്‍പ്രീത് ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ രണ്ട് വിക്കറ്റിന് 35 എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ മിഥാലി രാജിനൊപ്പം 66 റണ്‍സ്, നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മയോടൊപ്പം 137 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ വേദ കൃഷ്ണമൂര്‍ത്തിയോടൊപ്പം പുറത്താകാതെ 43 റണ്‍സ്. ഈ മൂന്നു കൂട്ടുകെട്ടു കണ്ടാല്‍ തന്നെ അറിയാം കൗറിന്റെ ബാറ്റിങ് എത്രത്തോളം ആധികാരികമായിരുന്നുവെന്ന്. പലപ്പോഴും മിഥാലിക്കും ദീപ്തിക്കും വേദക്കും കാഴ്ച്ചക്കാരുടെ റോള്‍ മാത്രമേ ഉണ്ടായിരുന്നൂള്ളു. 

harmanpreet kaur
അമ്മയോടൊപ്പം

 

90 പന്തില്‍ നിന്നാണ് കൗര്‍ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള 71 റണ്‍സ് അടിക്കാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ എടുത്തത് 25 പന്ത് മാത്രം. ആ 71 റണ്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എട്ടു ഫോറും അഞ്ചു സിക്‌സും ഒരു ഡബ്‌ളും ഏഴു സിംഗിളും. ഒപ്പം ഒരുപിടി റെക്കോഡുകളും ഈ പഞ്ചാബുകാരിയുടെ കൂടെപ്പോന്നു. വനിതാ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ വ്യക്തിഗത സ്‌കോര്‍, ഇന്ത്യക്കാരിയുടെ രണ്ടാമത്തെ മികച്ച സ്‌കോര്‍. 

പഞ്ചാബിലെ മോഗയില്‍ ജനിച്ച ഇരുപത്തിയെട്ടുകാരി കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ചന്‍ ഹര്‍മന്ദര്‍ ബുള്ളാര്‍ വോളിബോള്‍ താരമായിരുന്നു. മോഗയിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗ്യാന്‍ ജ്യോതി സ്‌കൂള്‍ അക്കാദമിയിലാണ് ഹര്‍മന്‍പ്രീത് കൗറെന്ന ക്രിക്കറ്റ് താരം ജനിക്കുന്നത്. മീഡിയം പേസറായി കരിയര്‍ തുടങ്ങിയ കൗര്‍ ജ്യോതി സ്‌കൂളിലെ പരിശീലകന്‍ യദാവിന്ദര്‍ സിങ് സോധിയുടെ നിര്‍ദേശത്തില്‍ ബാറ്റിങ്ങിലേക്ക് ചുവടുമാറ്റുകയായിരുന്നു. 

എട്ടു വര്‍ഷം മുമ്പുള്ള ഒരു വനിതാ ലോകകപ്പിലൂടെ തന്നെയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഏകദിന അരങ്ങേറ്റം. 20-ാം വയസ്സില്‍. അന്ന് പാകിസ്താനെതിരെ കളിച്ച ഹര്‍മന്‍പ്രീത് നാല് ഓവര്‍ എറിഞ്ഞ് 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതിനിടയില്‍ മിഥാലി രാജിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഹര്‍മന്‍പ്രീത് ഏറ്റെടുത്തു. 2013ലെ ബംഗ്ലാദേശിനെതിരായ പരമ്പര ക്യാപ്റ്റനെന്ന നിലയില്‍ കൗറിന് മറക്കാനാവാത്ത മത്സരമാണ്. പരമ്പരയില്‍ 97.50 ശരാശരിയില്‍ 195 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും പിന്നെ രണ്ടു വിക്കറ്റും. ടിട്വന്റി വനിതാ ബിഗിബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന് വേണ്ടിയും കൗര്‍ കളിച്ചിട്ടുണ്ട്. 

harmanpreet kaur
ടീമംഗങ്ങള്‍ക്കൊപ്പം

ഹര്‍മന്‍പ്രീതിന്റെ കരിയറിന് എന്നും പിന്തുണ നല്‍കിയിട്ടുള്ള അച്ഛന് മകളെക്കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളു. 'ഇന്ത്യയുടെ അഭിമാനമാണവള്‍. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവള്‍ക്ക് കഴിഞ്ഞ മത്സരം നഷ്ടപ്പെട്ടിരുന്നു. അതിന്റെ സങ്കടവുമുണ്ടായിരുന്നു. പരിക്കെല്ലാം ഭേദമായി അവള്‍ മത്സരത്തിലേക്ക് ശക്തയായി തിരിച്ചുവന്നിരിക്കുന്നു.' അച്ഛന്‍ പറയുന്നു.

ഡെര്‍ബിയിലെ ഇന്നിങ്‌സിന് ശേഷം സോഷ്യല്‍ മീഡിയയിലും പഞ്ചാബുകാരിക്ക് അഭിനന്ദനപ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രവി ശാസ്ത്രി, അനില്‍ കുംബ്ലെ, കപില്‍ ദേവ്, വീരേന്ദര്‍ സെവാഗ്, അഞ്ജൂം ചോപ്ര, ഹര്‍ഭജന്‍ സിങ്ങ് എന്നിവരെല്ലാം കൗറിന് അഭിനന്ദനവുമായെത്തി. കൗറിന്റെ ഇന്നിങ്‌സിനെ അവിശ്വസനീയമെന്ന്‌ വിശേഷിപ്പിച്ച സച്ചിന്‍ ലോര്‍ഡിസില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഫൈനലിന് ഇന്ത്യന്‍ ടീമിന് ആശംസയുമറിയിച്ചിട്ടുണ്ട്.