നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): വനിതാ ട്വന്റി 20 ലോകകപ്പിലെ കന്നിക്കിരീടമെന്ന സ്വപ്‌നം ഇത്തവണയും ടീം ഇന്ത്യ കൈവിട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താകുകയായിരുന്നു. എട്ടു വിക്കറ്റിനായിരുന്നു തോല്‍വി.

മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. മിതാലിയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ്ങില്‍ നിഴലിക്കുകയും ചെയ്തു. മിതാലിയെ പുറത്തിരുത്തിയ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവര്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യക്കായി ട്വന്റി 20-യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മിതാലിയെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരേ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പലരും കടുത്ത ഭാഷയിലാണ് ഈ തീരുമാനത്തെ വിമര്‍ശിച്ചത്. 

അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഒഴിവാക്കിയതില്‍ ദുഃഖമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. ഈ തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിഫൈനലിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു അത്. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദുഃഖമില്ലെന്നും അവര്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ടീം നടത്തിയ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു. യുവതാരങ്ങളടങ്ങിയ ടീമിന് ഇതൊരു പാഠമാണ്. പിച്ചില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല. അത് നല്ലപോലെ മനസിലാക്കി പന്തെറിയാന്‍ ഇംഗ്ലണ്ടിനായെന്നും ഹര്‍മന്‍പ്രീത് ചൂണ്ടിക്കാട്ടി.

സമ്മര്‍ദഘട്ടങ്ങളില്‍ മാനസികമായി കരുത്തു നേടിയാല്‍ മാത്രമേ ഇതു പോലെയുള്ള വലിയ മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. 

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വനിതകള്‍ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 17 പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്.

Content Highlights: harmanpreet defends mithali raj's omission no regrets