ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ മനോഹരമായ ബൗണ്ടറി ലൈന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം ഹര്‍ലീന്‍ ഡിയോണ്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍, വിന്‍ഡീസ് താരം ഡാരെന്‍ സമി, മുന്‍ ഓസ്‌ട്രേലിയന്‍ താരം ലിസ സ്തലേക്കര്‍ എന്നിവരെല്ലാം ആ ക്യാച്ച് കണ്ട് അമ്പരന്നു. ട്വിറ്ററിലൂടെ ഹര്‍ലീനെ അഭിനന്ദിച്ച താരങ്ങളോടൊപ്പം ആരാധകരും ചേര്‍ന്നു.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 19-ാം ഓവറില്‍ ശിഖാ പാണ്ഡെയുടെ പന്തില്‍ ആമി ജോണ്‍സിനെ പുറത്താക്കാനാണ് ഹര്‍ലീന്‍ ക്യാച്ചെടുത്തത്. ശിഖയുട പന്ത് ലോങ് ഓഫിലൂടെ ബൗണ്ടറി കടത്താനായിരുന്നു ആമി ജോണ്‍സന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്ന് ഹര്‍ലീന്‍ പന്ത് കൈപ്പിടിയിലൊതുക്കി. നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യന്‍ താരം ബൗണ്ടറി ലൈന്‍ കടന്നു. പക്ഷേ അപ്പോഴേക്കും പന്ത് മുകളിലേക്ക് ഉയര്‍ത്തി എറിഞ്ഞ ഹര്‍ലീന്‍ തിരിച്ചു ഡൈവ് ചെയ്ത് ഗ്രൗണ്ടിനുള്ളിലെത്തി ക്യാച്ച് പൂര്‍ത്തിയാക്കി. 

മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. മഴ കളി മുടക്കിയ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. പിന്നീട് മഴയെ തുടര്‍ന്ന് ഇന്ത്യയുടെ ലക്ഷ്യം 73 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. എന്നാല്‍ 8.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. ഇതോടെ മൂന്നു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. 

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 23-കാരിയായ ഹര്‍ലീന്‍ 2019-ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ട്വന്റി-20യില്‍ അരങ്ങേറിയത്. 10 മത്സരങ്ങളില്‍ നിന്ന് 127 റണ്‍സും ആറു വിക്കറ്റുമാണ് ഇതുവരെയുള്ള സമ്പാദ്യം.

Content Highlights: Harleen Deol bowls cricket giants over with stunner against England