Photo: Getty Images
കറാച്ചി: 2022 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന് പോരാട്ടം ആരാധകര്‍ക്ക് മറക്കാനാകില്ല. മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ അത്ഭുതപ്രകടനം കണ്ട് ആരാധകര്‍ മതിമറന്ന് സന്തോഷിച്ചിരുന്നു. പാകിസ്താന് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ കോലി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.
31 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കോലി ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയെടുത്തു. മത്സരത്തില്‍ 53 പന്തുകളില്‍ നിന്ന് പുറത്താവാതെ 82 റണ്‍സാണ് താരം നേടിയത്. പാകിസ്താന്റെ ഹാരിസ് റൗഫിനെതിരേ 19-ാം ഓവറില്‍ കോലി നേടിയ തുടര്‍ച്ചയായ രണ്ട് സിക്സുകളാണ് കളിയുടെ ഗതി മാറ്റിയത്. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫ് കോലിയുടെ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കി. അതില്‍ കോലി നേടിയ ആദ്യ സിക്സ് ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്.
ഇപ്പോഴിതാ കോലിയുടെ ആ സിക്സിനെക്കുറിച്ച് സംസാരിച്ച് വൈറലായിരിക്കുകയാണ് റൗഫ്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടെ ആരാധകരിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് റൗഫ് കോലിയുടെ സിക്സിനെക്കുറിച്ച് സംസാരിച്ചത്. കോലിയ്ക്ക് അതുപോലൊരു സിക്സ് ഇനി അടിക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് റൗഫ് പറഞ്ഞു.
' ആ സിക്സ് പിറന്നപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. ഞാനൊന്നും പറഞ്ഞില്ല പക്ഷേ അതെന്നെ വ്യക്തിപരമായി ഒരുപാട് ബാധിച്ചു. കോലി എത്ര മികച്ച താരമാണെന്ന് ലോകത്തിനറിയാം. പക്ഷേ കോലി അന്ന് നേടിയ ആ സിക്സ് ഇനിയൊരിക്കലും അദ്ദേഹത്തിന് നേടാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത്തരം ഷോട്ടുകള്‍ ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമാണ് പിറക്കാറ്. അത് വീണ്ടും വീണ്ടും അടിക്കാനാകില്ല. അദ്ദേഹത്തിന്റെ ടൈമിങ് അത്രമേല്‍ കൃത്യമായിരുന്നു. അതുകൊണ്ടാണ് പന്ത് ബൗണ്ടറിയ്ക്ക് മുകളിലൂടെ പറന്നത്'- റൗഫ് വിശദീകരിച്ചു.
മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിനാണ് പാകിസ്താനെ കീഴടക്കിയത്. പക്ഷേ ലോകകപ്പ് കിരീടം നേടാന്‍ രോഹിത്തിനും കൂട്ടര്‍ക്കും സാധിച്ചില്ല.
Content Highlights: virat kohli, haris rauf, kohli six vs pakistan, kohli six vs rauf, india vs pakistan t20 world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..