സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ട്വന്റി 20-യില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. നാലു വിക്കറ്റുകള്‍ പിഴുത് ക്രുനാല്‍ താരമായപ്പോള്‍ അതിന് ഒരു പകരം വീട്ടലിന്റെ സൗന്ദര്യം കൂടിയുണ്ടായിരുന്നു. 

ഓസീസിനെതിരേ നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് ക്രുനാല്‍ എറിഞ്ഞിട്ടത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ ട്വന്റി 20-യില്‍ 55 റണ്‍സ് വിട്ടുകൊടുത്ത ഒരു താരത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ഒരു പ്രകടനം. 

സിഡ്‌നിയിലെ പ്രകടനം കൊണ്ട് ക്രുനാല്‍ കണക്കു തീര്‍ത്തത് രണ്ടു പേരോടാണ്. ഒന്ന് ബ്രിസ്‌ബെയ്‌നില്‍ തന്നെ അടിച്ചു പറത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനോട്. രണ്ടാമത് അന്ന് തന്നെ കളിയാക്കിയ സഹോദരനും ഇന്ത്യന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയോട്. 

ട്വന്റി 20-യില്‍ ഓസീസ് മണ്ണില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ക്രുനാലിന്റേത്. ഓസീസ് മണ്ണില്‍ ഏതൊരു ബൗളറുടെയും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനവും വിദേശതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.

ബ്രിസ്‌ബെയ്‌നിലെ ആദ്യ മത്സരത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്നു തവണ സിക്‌സറടിച്ച മാക്‌സ് വെല്ലിനെ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പുറത്താക്കിയത് ക്രുനാലായിരുന്നു. മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്മനായ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ക്രുനാല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മക്ഡര്‍മോര്‍ട്ട്, അലെക്‌സ് കാരി എന്നിവരെയും പവലിയനിലെത്തിച്ചു. മഴ മുടക്കിയ രണ്ടാം മത്സരത്തിലും മാക്‌സ്‌വെല്ലിനെ പുറത്താക്കിയത് ക്രുനാല്‍ തന്നെ.

ആദ്യ മത്സരത്തില്‍ തല്ലു വാങ്ങിയതിന് തന്നെ കളിയാക്കിയ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സിഡ്‌നിയിലെ പ്രകടനത്തോടെ ക്രുനാല്‍ മറുപടി നല്‍കിയിരിക്കുകയാണ്.

Content Highlights: hardik was laughing at me when i got hammered krunal