ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ വികൃതിപ്പയ്യനാണ് യുവഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ ദിവസം നടന്ന വിരാട് കോലിയുടെ പിറന്നാളാഘോഷം കണ്ടാല്‍ തന്നെ അത് മനസ്സിലാകും. കോലിയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന പാണ്ഡ്യയെ ഈ വീഡിയോയില്‍ നമ്മള്‍ കണ്ടു.

ഡ്രസ്സിങ് റൂമിലും പാണ്ഡ്യയുടെ പെരുമാറ്റം ഇത്തരത്തില്‍ വികൃതി നിറഞ്ഞതു തന്നെയാണ്. ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാവിന് ലൈസന്‍സില്ലാത്തതു പോലെയാണ് പാണ്ഡ്യ സംസാരിക്കാറുള്ളതെന്നും രവിചന്ദ്ര അശ്വിനെ ഒരിക്കല്‍ പേര് മാറി വിളിച്ചുവെന്നും വിരാട് കോലി പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഗൗരവ് കപൂറുമായുള്ള ടെലിവിഷന്‍ ഷോക്കിടെയാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത്.

' ഹാര്‍ദികിനെ പോലെ സംസാരിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ അവന്‍ രവിചന്ദ്ര അശ്വിനെ രവികശ്യപ് അശ്വിന്‍ എന്ന് വിളിച്ചു. അശ്വിന്റെ ബൗളിങ്ങിനെ പുകഴ്ത്തിയപ്പോഴായിരുന്നു അത്' കോലി പറയുന്നു.

ഡ്രസ്സിങ് റൂമിലാണ് അതിലും രസകരമായ സംഭവങ്ങള്‍ അരങ്ങേറാണുള്ളത്. അവിടെ പഞ്ചാബി ഗാനങ്ങളാണ് വെയ്ക്കാറ്. എന്നാല്‍ ഹാര്‍ദികിന് എപ്പോഴും ഇംഗ്ലീഷ് പാട്ടുകള്‍ കേള്‍ക്കണം. ടീമിലെ എല്ലാവര്‍ക്കും ഐ പാഡൊന്നുമില്ല. എന്നാല്‍ ഹാര്‍ദികിന് ഐ പാഡുണ്ട്. അവതില്‍ മുഴുവന്‍ ഇംഗ്ലീഷ് പാട്ടുകളാണ്. പക്ഷേ അതില്‍ ഒരു പാട്ടിന്റെ പോലും അര്‍ത്ഥം അവനറിയില്ല. എന്നാലും അവന്‍ അത് കേള്‍ക്കും. കാരണം അവന് അതിലെ മ്യൂസിക് മാത്രമേ ആവശ്യമുള്ളൂ. എന്നിട്ട് അതിനനുസരിച്ച് ചുവടു വെയ്ക്കും. പക്ഷേ അത്തരം പാട്ടു കേള്‍ക്കുമ്പോഴേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ദേഷ്യം വരും. കോലി വ്യക്തമാക്കുന്നു.

തന്റെ ഐ പാഡില്‍ ഹിന്ദി പ്രണയഗാനങ്ങളും പഞ്ചാബി ഗാനങ്ങളുമാണുള്ളതെന്നും ഡ്രസ്സിങ് റൂം എപ്പോഴും ലൈവായി നിലനിര്‍ത്താന്‍ പഞ്ചാബി പാട്ടുകളാണ് സഹായിക്കാറുള്ളതെന്നും കോലി അഭിമുഖത്തില്‍ പറഞ്ഞു.