മുംബൈ: ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിശ്രമം അനുവദിച്ചു. കളിഭാരം പരിഗണിച്ചാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ബി.സി.സി.ഐ. അറിയിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടീമില്‍ നേരത്തെ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു.

പാണ്ഡ്യയുടെ പകരക്കാരെയൊന്നും ബി.സി.സി.ഐ. പ്രഖ്യാപിച്ചിട്ടില്ല. പരിക്ക്മൂലമാണോ പാണ്ഡ്യയെ പുറത്തിരുത്തിയതെന്നും വ്യക്തമല്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ടിട്വന്റിയില്‍ വേദന സഹിച്ചാണ് പാണ്ഡ്യ ബൗള്‍ ചെയ്തത്.

പാണ്ഡ്യ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ്ങിനു വിധേയനാവുമെന്നും ബി.സി.സി.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം മൂന്ന് ടെസ്റ്റും 22 ഏകദിനങ്ങളും അഞ്ച് ടിട്വന്റികളുമാണ് പാണ്ഡ്യ കളിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഇതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

Content Highlights: Hardik Pandya Tests Sri Lanka BCCI New Zealand Virat Kohli India-Srilanka Test Test Series