ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. ശസ്ത്രക്രിയക്ക് ശേഷം താരത്തിന് പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ സാധിക്കാത്തതാണ് ഒഴിവാക്കാന്‍ കാരണം.

കൂടുതല്‍ പരിശോധനകള്‍ക്കായി താരം ലണ്ടനിലേക്ക് പുറപ്പെട്ടതായും, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഹെഡ് ഫിസിയോ ആഷിഷ് കൗശികും സര്‍ജന്‍ ജെയിംസ് അല്ലിബോണും താരത്തിനൊപ്പമുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ന്ന് പൂര്‍ണ കായികക്ഷമത കൈവരിക്കുന്നതു വരെ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹാര്‍ദിക് പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഇതോടെ തുടര്‍ന്നുള്ള പരമ്പരകളെല്ലാം താരത്തിന് നഷ്ടമായി. ഈ വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് വൈകുന്നത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.

Content Highlights: Hardik Pandya ruled out of Test series