സിഡ്നി: നീണ്ട ഇടവേളയ്ക്കു ഇന്ത്യയ്ക്കായി പന്തെറിഞ്ഞ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. 

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ബൗളിങ്ങ് ക്രീസിലേക്കുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ്. 

കടുത്ത പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഹാര്‍ദിക് 2019 ലോകകപ്പിനു ശേഷം പന്തെറിഞ്ഞിരുന്നില്ല. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോഴും താരം പന്തെറിഞ്ഞിരുന്നില്ല.

ഒടുവില്‍ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ ഏഴാം ബൗളറായി ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ കോലി ഉപയോഗിക്കുകയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഹാര്‍ദിക് 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയാണ് ഹാര്‍ദിക് പുറത്താക്കിയത്.

ഓസീസ് ഇന്നിങ്‌സിന്റെ 36-ാം ഓവറിലാണ് കോലി, ഹാര്‍ദിക്കിനെ പന്തേല്‍പ്പിച്ചത്. ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ പരാജയത്തിനു ശേഷം ഒരു ആറാം ബൗളറുടെ അഭാവത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.

Content Highlights: Hardik Pandya returns to bowling in 2nd ODI