Photo: ANI
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ കല്ലുകടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെതിരായ പെരുമാറ്റമാണ് ഹാര്‍ദിക് പാണ്ഡ്യയെ വിവാദത്തിലേക്ക് തള്ളിയിട്ടത്. മികച്ച ഫിനിഷറായ കാര്‍ത്തിക്കിന് അവസാന ഓവറില്‍ പാണ്ഡ്യ സിംഗിള്‍ നിഷേധിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് കളിച്ചത്. 76 റണ്‍സെടുത്ത ഇഷാന് കിഷന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ 211 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ കാര്‍ത്തിക്കിന് സിംഗിള്‍ നിഷേധിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. 29 റണ്‍സുമായി ഹാര്‍ദിക് ക്രീസിലുണ്ട്. മറുവശത്ത് കാര്‍ത്തിക് ഒരു റണ്‍സുമായും നില്ക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്യെ ചെയ്ത 19-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദിക് ബൗണ്ടറി നേടാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ഫീല്‍ഡറുടെ അടുത്തേക്കാണ് പോയത്. അനായാസം സിംഗിള്‍ എടുക്കാവുന്ന അവസരമായിരുന്നു. എന്നിട്ടും ഹാര്‍ദിക് സിംഗിളെടുക്കാതെ ക്രീസില്‍ തന്നെ നിന്നു.
എന്നാല്‍ അവസാന പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിന് നേടാനായത്. താരം 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മറുവശത്ത് കാര്‍ത്തിക് ഒരു റണ്‍ മാത്രം നേടി. ഹാര്‍ദിക് കാര്‍ത്തിക്കിന് സിംഗിള്‍ നിഷേധിച്ചത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. മികച്ച ബാറ്ററായ കാര്‍ത്തിക്കിന് സിംഗിള്‍ നിഷേധിച്ച ഹാര്‍ദിക്കിന്റെ തീരുമാനം തെറ്റാണെന്നാണ് ആരാധകര്‍ പറയുന്നത്. സീനിയര്‍ താരമായ കാര്‍ത്തിക്കിന് ഹാര്‍ദിക് വേണ്ട ബഹുമാനം നല്‍കിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി.
മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങി. അഞ്ചുമത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. അടുത്ത മത്സരം ജൂണ്‍ 12 ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..