മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താരത്തിന്റെ ട്രെയിനര്‍ എസ്. രജനികാന്ത് രംഗത്ത്. 

മുംബൈയില്‍ നടത്തിയ ഫിറ്റനസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസീലന്‍ഡിലേക്ക് പറക്കാന്‍ സാധിച്ചില്ലെന്നും ഇതോടെ സീനിയര്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരത്തോട്‌ ഏതെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് രജനികാന്ത് പ്രതികരിച്ചു.

പാണ്ഡ്യ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും പാണ്ഡ്യയുടെ ബൗളിങ് ജോലിഭാരം കൂടി പരിശോധിക്കാനുള്ളതിനാല്‍ അദ്ദേഹം പരിശീലനം തുടരേണ്ടതുണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ട്രെയിനര്‍ എസ്. രജനികാന്ത് വ്യക്തമാക്കി.

''പാണ്ഡ്യ 100 ശതമാനം കായികക്ഷമത കൈവരിച്ചുകഴിഞ്ഞു. അതിലൊരു സംശയവും വേണ്ട. എന്നാല്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി രാജ്യാന്തര മത്സരങ്ങളില്‍ ജോലിഭാരം നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. പാണ്ഡ്യയ്ക്ക് ഇതുവരെ യാതൊരു ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയിട്ടില്ല. പിന്നെന്തിനാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍'', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രജനികാന്ത് പറഞ്ഞു.

ഇതോടെ ഇന്ത്യ എ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ പാണ്ഡ്യ ഉണ്ടാകില്ല. ഇതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിലും താരത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

''എന്നാലത് അദ്ദേഹം കായികക്ഷമത കൈവരിക്കാത്തതിനാലോ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാലോ അല്ല. യോയോ ടെസ്റ്റില്‍ 20 പോയന്റ് നേടാന്‍ പാണ്ഡ്യയ്ക്ക് ഇപ്പോള്‍ സാധിക്കും. എന്നാല്‍ അദ്ദേഹത്തെ താന്‍ തിരിച്ചുവിളിച്ചതിന് കാരണം ബൗളിങ്ങാണ്. അതിനുള്ള കാര്യങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്'', രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

പരിക്കുമൂലം മാസങ്ങളായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന പാണ്ഡ്യ കിവീസിനെതിരായ പരമ്പരയോടെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. രഞ്ജി ട്രോഫിയില്‍ കളിപ്പിക്കാതെ പാണ്ഡ്യയെ നേരിട്ട് എ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു സെലക്ടര്‍മാര്‍. എ ടീമിനൊപ്പം പരിശീലന മത്സരം കളിച്ച് പാണ്ഡ്യ സീനിയര്‍ ടീമില്‍ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Content Highlights: Hardik Pandya not failed in any fitness tests trainer