ന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡും സഹോദരങ്ങളെപ്പോലെയാണ്. താന്‍ പൊള്ളാര്‍ഡിനെ സഹോദരനായാണ് കാണുന്നതെന്ന് പലതവണ പാണ്ഡ്യ പറഞ്ഞിട്ടുണ്ട്. വിന്‍ഡീസ് പര്യടനത്തിനിടെ പൊള്ളാര്‍ഡ് ഒപ്പിച്ച രസകരമായ ഒരു സംഭവത്തെ കുറിച്ച് പാണ്ഡ്യ ഈയിടെ പറയുകയുണ്ടായി. ബ്രേക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ഷോയിലാണ് പാണ്ഡ്യ ആ ഓര്‍മ പങ്കുവെച്ചത്.

ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനം നടത്തുന്നതിനിടെ പാണ്ഡ്യയെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചാണ് പൊള്ളാര്‍ഡ് കുസൃതിയൊപ്പിച്ചത്. 'ഒരു പോലീസുകാരന്‍ എന്നെ വന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അയാള്‍ പൊള്ളാര്‍ഡിന്റെ സുഹൃത്തായിരുന്നു. എനിക്കതറിയാമായിരുന്നു. അതുകൊണ്ട് പൊള്ളാര്‍ഡ് എന്നെ കളിപ്പിക്കുകയാണെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷേ ഒരു ഘട്ടമെത്തിയപ്പോള്‍ കാര്യം ഗൗരവത്തിലായോ എന്നെനിക്ക് സംശയമായി. ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നാലും ഒരു സുരക്ഷയ്ക്കുവേണ്ടി ഇന്ത്യന്‍ ടീമിലെ ആരെയെങ്കിലും വിളിച്ചാലോ എന്ന് ഞാന്‍ ചിന്തിച്ചു. 

പക്ഷേ അത് കുസൃതിയാണെന്ന് അടുത്ത നിമിഷത്തില്‍ തന്നെ എനിക്ക് നൂറു ശതമാനം ബോധ്യപ്പെട്ടു. പോലീസ് ഓഫീസര്‍ ഫോണില്‍ മറ്റാരെയോ വിളിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോഴായിരുന്നു അത്. അദ്ദേഹം തലകീഴായാണ് ഫോണ്‍ പിടിച്ചിരുന്നത്. ഇതുകണ്ടപ്പോഴാണ് ഞാനുറപ്പിച്ചത് എന്നെ പറ്റിക്കുകയാണെന്ന്.'-പാണ്ഡ്യ പറയുന്നു.

വീന്‍ഡീസ് പര്യടനത്തിനിടെ ഒരുപാട് സുഹൃത്തുക്കളെ പരിചയപ്പെട്ടു. ഞാന്‍ പലപ്പോഴും ശാന്തനായിരുന്നു. പൊള്ളാര്‍ഡ് എന്റെ അടുത്തുള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിന്‍ഡീസ് പര്യടനം ഞാന്‍ ശരിക്കും ആസ്വദിച്ചു-പാണ്ഡ്യ ഷോയില്‍ വ്യക്തമാക്കി.