മുംബൈ: പരിക്കുമൂലം ഗ്രൗണ്ടില്‍ നിന്നു വിട്ടുനിന്ന ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കുകയാണ്. മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ട്വന്റി-20 കപ്പില്‍ വീണ്ടും ഹാര്‍ദികിന്റെ വെടിക്കെട്ട് പ്രകടനം ആരാധകര്‍ കണ്ടു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ബിപിസിഎല്ലിനെതിരായ സെമി ഫൈനലില്‍ റിലയന്‍സ് വണ്ണിനായി 55 പന്തില്‍ നിന്ന് 158 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. 104 റണ്‍സ് വിജയവുമായി റിലയന്‍സ് വണ്‍ ഫൈനലിലെത്തി. 

സെഞ്ചുറി ഇന്നിങ്‌സില്‍ 20 സിക്‌സും ആറു ഫോറുമാണ് ഹാര്‍ദികിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നേരത്തെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹാര്‍ദിക് 39 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയിരുന്നു. 

ബിപിസിഎല്ലിനെതിരേ ആദ്യം ബാറ്റുചെയ്ത റിലയന്‍സ് വണ്‍ ഹാര്‍ദികിന്റെ സെഞ്ചുറി പ്രകടനത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിപിസിഎല്‍ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. 31 പന്തില്‍ 42 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ബിപിസിഎല്ലിന്റെ ടോപ്പ് സ്‌കോറര്‍.

Content Highlights: Hardik Pandya Keeps Up Scintillating Form With 55 Ball 158 In DY Patil T20 Cup