ന്യൂഡല്‍ഹി: ടെസ്റ്റ് ടീമില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയ ,സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ സെലക്ഷന്‍ കമ്മിറ്റി അംഗം സരണ്‍ദീപ് സിങ്ങ്. ഏകദിനത്തില്‍പോലും ഹാര്‍ദിക് പാണ്ഡ്യക്ക് തന്റെ 10 ഓവര്‍ മുഴുവന്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്ന് സരണ്‍ദീപ് പറയുന്നു. 

2019-ല്‍ പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഹാര്‍ദികിന് ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനുശേഷം നടന്ന മത്സരങ്ങളില്‍ താരം എല്ലാ മത്സരങ്ങളിലും ബൗള്‍ ചെയ്യാറില്ല. ഇതോടെ ഓള്‍റൗണ്ടര്‍ പദവി നഷ്ടമായ ഹാര്‍ദികിന് ടെസ്റ്റ് ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 

'ഹാര്‍ദികിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനം മനസ്സിലാക്കാവുന്നതാണ്. കാരണം ശസ്ത്രക്രിയക്ക് ശേഷം ഹാര്‍ദികിന് ബൗള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പ്ലെയിങ് ഇലവന്റെ ഭാഗമാകണമെങ്കില്‍ അദ്ദേഹം ഏകദിനത്തില്‍ 10 ഓവറും ട്വന്റി-20യില്‍ നാല് ഓവറും ബൗള്‍ ചെയ്യണം. ഒരു ബാറ്റ്‌സ്മാന്‍ ആയി മാത്രം ഹാര്‍ദികിന് ടീമില്‍ നിലനില്‍ക്കാനാകില്ല.

ഹാര്‍ദിക് ബൗള്‍ ചെയ്തില്ലെങ്കില്‍ അത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. അതല്ലെങ്കില്‍ ഒരു ബൗളറെ അധികമായി ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരും. സൂര്യകുമാര്‍ യാദവ് പോലെയുള്ള താരങ്ങള്‍ പുറത്തിരിക്കേണ്ടിയും വരും. അഞ്ച് ബൗളര്‍മാരെ നമുക്ക് ടീമില്‍ ഉള്‍പ്പെടുത്താനാകില്ല. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേയുള്ള ഏകദിന പരമ്പര കണ്ടാല്‍ നമുക്ക് അത് മനസ്സിലാകും.

വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ജഡേജ പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ ഇപ്പോള്‍ ടീമിലുണ്ട്. ശര്‍ദ്ദുല്‍ ഠാക്കൂറും ഓള്‍റൗണ്ടറാണ്. ഹാര്‍ദികിന് ബൗള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇവരില്‍ ആര്‍ക്കെങ്കിലും ആ റോള്‍ ചെയ്യാവുന്നതാണ്.' സരണ്‍ദീപ് സിങ്ങ് പറയുന്നു.

പൃഥ്വി ഷായെപ്പോലുള്ള ഒരു യുവതാരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തേയും സരണ്‍ദീപ് വിമര്‍ശിച്ചു. വീരേന്ദര്‍ സെവാഗിനെപ്പോലെ കഴിവുള്ള താരമാണ് പൃഥ്വി ഷാ എന്നും കരിയറിന്റെ തുടക്കത്തില്‍ തന്നെ പൃഥ്വി ഷായെ തളര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നും സരണ്‍ദീപ് സിങ്ങ് വിമര്‍ശിച്ചു.

Content Highlights: Hardik Pandya doesnt fit into playing XI even in ODIs