മൊഹാലി: കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ടീം സെലക്ടർമാർ തങ്ങളോട് ഒരിക്കലും നീതി കാട്ടിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും. ഏറെക്കാലം ടീമിൽ സ്ഥാനം ലഭിക്കാതെ നിരാശയിലായ യുവരാജ് ഒടുവിൽ 2019-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ജഴ്സി അണിഞ്ഞ ഹർഭജൻ സിങ്ങ് ഇപ്പോഴും കാത്തിരിപ്പിലാണ്. ഇതുവരെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല.

അടുത്തിടെ ഇരുവരും ഇന്ത്യൻ ടീം സെലക്ടർമാരെ പരിഹസിക്കാൻ ലഭിച്ച അവസരം പാഴാക്കിയില്ല. യുവരാജ് 300 ഏകദിനങ്ങൾ പൂർത്തിയാക്കിയ മത്സരത്തിൽ സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസം യുവരാജിന്റെ ആരാധകരുടെ കൂട്ടായ്മയായ 'യുവരാജ് സിങ്ങ് വേൾഡ്' എന്ന ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തിരുന്നു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായ യുവിയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നുവെന്നും അസ്ഹറുദ്ദീൻ, സച്ചിൻ, ദാദ, ദ്രാവിഡ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചതെന്നുമായിരുന്നു ട്വീറ്റിൽ പറഞ്ഞിരുന്നത്.

ഈ ട്വീറ്റിന് യുവരാജ് സിങ്ങിന്റെ മറുപടിയെത്തി. ഇങ്ങനെ ഒരു അവസരം നൽകിയതിന് സൗരവ് ഗാംഗുലിക്കും എന്റെ ആദ്യ ബാച്ചിലെ സെലക്ടർമാർക്കും നന്ദി പറയുന്നു എന്നായിരുന്നു യുവിയുടെ മറുപടി. ഇതിന് പിന്നാലെ യുവിയോട് ഒരു ചോദ്യവുമായി ഹർഭജന്റെ ട്വീറ്റെത്തി. 'അവസാന ബാച്ചിന് എന്തെങ്കിലുമുണ്ടോ?' എന്നായിരുന്നു ചോദ്യം. അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്ന യുവിയുടെ മറുപടിയും ഒട്ടും വൈകാതെ പ്രത്യക്ഷപ്പെട്ടു.

content highlights: Harbhajan Singh Yuvraj take an indirect dig at MSK Prasad led selection panel