ലക്ക്നൗ: സച്ചിൻ തെണ്ടുൽക്കറുടെ 'ഡെസേർട്ട് സ്റ്റോം' സെഞ്ചുറി ആരാധകരാരും മറന്നിട്ടുണ്ടാകില്ല. ഷാർജയിലെ മരുക്കാറ്റിനേയും ഓസ്ട്രേലിയയുടെ കരുത്തുറ്റ ബൗളിങ്ങിനേയും മറികടന്നായിരുന്നു ആ സെഞ്ചുറി. അന്ന് ആ മത്സരം കാണാനായി സ്കൂളിൽ നിന്ന് ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്ത്യൻ താരം സുരേഷ് റെയ്ന പറഞ്ഞിരുന്നു. 12-ാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു ഈ സംഭവമെന്നും അവസാന രണ്ട് പീരിയഡും കട്ട് ചെയ്തെന്നും റെയ്ന അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്നാൽ റെയ്നയുടെ ഈ വാക്കുകൾ കള്ളമാണെന്ന് സമർത്ഥിച്ച് അന്ന് ആ പരമ്പരയിൽ സച്ചിനൊപ്പം കളിച്ച ഹർഭജൻ സിങ്ങ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഹർഭജന്റെ പ്രതികരണം. ഷാർജയിലെ മത്സരം തുടങ്ങിയത് ഇന്ത്യൻ സമയം വൈകുന്നേരം നാല് മണിക്കാണെന്നും പിന്നെ എങ്ങനെയാണ് റെയ്ന ക്ലാസ് കട്ട് ചെയ്ത് സച്ചിന്റെ കളി കാണാൻ പോയതെന്നുമായിരുന്നു ഹർഭജന്റെ തമാശ കലർന്ന ചോദ്യം. സ്കൂളുകളെല്ലാം രണ്ട്-മൂന്ന് മണിക്കൊക്കെ വിടുമെന്നതിനാൽ റെയ്ന പറഞ്ഞതിനോട് യോജിക്കാനാവുന്നില്ലെന്നും ഹർഭജൻ പറയുന്നു.

സച്ചിന്റേയും ദ്രാവിഡിന്റേയും ബാറ്റിങ് മാത്രമാണ് അന്നൊക്കെ കണ്ടിരുന്നതെന്നും സച്ചിൻ പുറത്തായാൽ അപ്പോൾ ടെലിവിഷന് മുന്നിൽ നിന്ന് എഴുന്നേറ്റു പോകുമായിരുന്നെന്നും റെയ്ന അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

Content Highlights: Harbhajan Singh trolls Suresh Raina