കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ് അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ കളിച്ചേക്കില്ല. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഹര്‍ഭജന്‍ അടുത്ത സീസണ്‍ മുതല്‍ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 

പി.ടി.ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 41 കാരനായ ഹര്‍ഭജനെ രണ്ട് കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. 

അടുത്ത സീസണില്‍ കൊല്‍ക്കത്തയുടെ ബൗളിങ് പരിശീലകനായി ഹര്‍ഭജനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ കളിക്കുന്നതിനൊപ്പം ടീമിലെ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാനും ഹര്‍ഭജന്‍ സമയം കണ്ടെത്തിയിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഐ.പി.എല്ലില്‍ 163 മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ 150 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തതാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 

Content Highlights: Harbhajan Singh to retire from cricket, take up coaching role with an IPL team