ന്യൂഡൽഹി:ഡൽഹിയിലെ വസന്ത് വിഹാറിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കയർത്ത യുറഗ്വായ് വനിതയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങ്. ഇതുമായി ബന്ധപ്പെട്ട എ.എൻ.ഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹർഭജന്റെ വിമർശനം.

'ഇത്രയും നാൾ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും ഈ സ്ത്രീക്ക് മനസ്സിലാകുന്നില്ലേ? മുൻകരുതലുകൾ എടുക്കണമെന്നും ഇവർക്ക് അറിയില്ലേ? എന്നിട്ട് കൃത്യമായ രീതിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌യുന്നു. പോലിസ് ഉദ്യോഗസ്ഥന്റെ പേര് എഴുതിയെടുത്ത് പരാതിപ്പെടുമെന്നാണ് ഭീഷണി. ജീവൻ തന്നെ അപകടത്തിലാക്കി ജോലി ചെയ്യുന്നവരെ ബഹുമാനിക്കാൻ പഠിക്കൂ' -ഹർഭജൻ ട്വീറ്റ് ചെയ്തു.

നേരത്തെ ഈ വാർത്ത എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. യുറഗ്വായ് സ്ത്രീ പോലീസുകാരോട് സംസാരിക്കുന്ന ചിത്രവും എ.എൻ.ഐ ട്വീറ്റ് ചെയ്തിരുന്നു. ഗ്ലൗസോ മാസ്കോ കൂടാതെ വിദേശ സ്ത്രീ സൈക്കളോടിച്ചു വരികയായിരുന്നു. ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് ഇവർ പോലീസുമായി തർക്കിക്കാൻ തുടങ്ങി. മാത്രമല്ല, പോലീസുകാരന്റെ പേരെഴുതിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. എ.എൻ.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.

content highlights: Harbhajan Singh Slams Uruguayan Woman Who Threatened Police Officer