ന്യൂഡല്‍ഹി: ഐ.പി.എല്‍ ആദ്യ സീസണിനിടെ ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് ഇപ്പോള്‍ കുറ്റബോധം. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഭാജി സമ്മതിക്കുന്നത്.

ജീവിതത്തില്‍ തിരുത്തണമെന്ന് തോന്നിയിട്ടുള്ള ഒരു തെറ്റാണ് അതെന്നും ഒരിക്കലും അത്തരമൊരു കാര്യം ചെയ്യരുതായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

'' ജീവിതത്തില്‍ തിരിച്ചുപോയി തെറ്റുതിരുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ താനത് ചെയ്യുമായിരുന്നു. അതൊരു വലിയ തെറ്റായിരുന്നു. ഇപ്പോഴും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഖേദം തോന്നാറുണ്ട്. ശ്രീശാന്ത് കഴിവുള്ള ഒരു കളിക്കാരനായിരുന്നു. ശ്രീശാന്തിനും ഭാര്യയ്ക്കും മക്കള്‍ക്കും എന്റെ ആശംസകള്‍. ഞാനിപ്പോഴും താങ്കളുടെ സഹോദരനാണ് '', ഹര്‍ഭജന്‍ പറഞ്ഞു.

ഐ.പി.എല്‍ ആദ്യ സീസണിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനു ശേഷം താരങ്ങള്‍ കൈകൊടുത്ത് പിരിയുന്നതിനിടെ  ഹര്‍ഭജന്‍ അപ്രതീക്ഷിതമായി ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.

തുടര്‍ തോല്‍വികളുടെ പേരില്‍ മുംബൈയെ ശ്രീശാന്ത് കളിയാക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ശ്രീശാന്തിനോട് മാപ്പു പറഞ്ഞെങ്കിലും ഹര്‍ഭജന്‍ അന്ന് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു.

Content Highlights: harbhajan singh regrets slapping sreesanth says it was a mistake