മുംബൈ: 2011-ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചതിന്റെ 10-ാം വാര്‍ഷികമായിരുന്നു ഏപ്രില്‍ രണ്ടിന്. അന്ന് ടീമിലുണ്ടായിരുന്ന താരങ്ങള്‍ കിരീട വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്നിരുന്നു. 

ഇതിനിടെ ലോകകപ്പ് സമയത്ത് നടന്ന ഒരു സംഭവം ഓര്‍ത്തെടുത്തിരിക്കുകയാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു ഹര്‍ഭജന്‍ സിങ്. 

2011-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിന് മുമ്പായിരുന്നു സംഭവം. മൊഹാലിയില്‍ നടന്ന ഇന്ത്യ-പാക് സെമി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ക്കായി പാക് പേസര്‍ ഷുഐബ് അക്തര്‍ ഹര്‍ഭജനെ സമീപിച്ചു. കുടുംബാംഗങ്ങള്‍ക്ക് മത്സരം കാണുവാന്‍ വേണ്ടിയായിരുന്നു അത്. താന്‍ ഏതാനും ടിക്കറ്റുകള്‍ അക്തറിന്റെ കുടുംബത്തിന് തരപ്പെടുത്തിക്കൊടുത്തതായി ഭാജി പറഞ്ഞു. 

ഇതിനു പിന്നാലെ വാങ്കെഡെയില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടിയും അക്തര്‍ ഭാജിക്കടുത്തെത്തി. എന്നാല്‍ പാകിസ്താന്‍ ഫൈനല്‍ കളിക്കില്ലെന്നും ഇന്ത്യയാകും ഫൈനല്‍ കളിക്കുകയെന്നും താന്‍ അക്തറിനോട് പറഞ്ഞതായി ഹര്‍ഭജന്‍ സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''2011 ലോകകപ്പ് സമയം. സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് ഞാന്‍ ഷുഐബ് അക്തറിനെ കണ്ടുമുട്ടി. ഇന്ത്യും പാകിസ്താനും തമ്മിലുള്ള സെമിഫൈനലിന്റെ ഏതാനും ടിക്കറ്റുകള്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ എങ്ങനെയോ നാലു ടിക്കറ്റുകള്‍ അദ്ദേഹത്തിന് സംഘടിപ്പിച്ചു നല്‍കി. തൊട്ടുപിന്നാലെ അദ്ദേഹം ഫൈനലിനുള്ള ടിക്കറ്റുകളും ആവശ്യപ്പെട്ടു. ഇത് വെച്ച് നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. ഇന്ത്യയാകും ഫൈനല്‍ കളിക്കുക. നിങ്ങള്‍ക്ക് വന്ന് മത്സരം കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ രണ്ട് മൂന്നോ ടിക്കറ്റുകള്‍ ഞാന്‍ തരാമെന്ന് ഞാന്‍ മറുപടി പറഞ്ഞു.'' - ഹര്‍ഭജന്‍ വ്യക്തമാക്കി. 

ഹര്‍ഭജന്‍ പറഞ്ഞതു പോലെതന്നെ പാകിസ്താനെ 29 റണ്‍സിന് തകര്‍ത്ത ഇന്ത്യ ഫൈനലിലെത്തി, കിരീടവും നേടി. സെമി ഫൈനല്‍ മത്സരത്തില്‍ അക്തറിന് പാക് ടീമില്‍ ഇടംപിടിക്കാനായതുമില്ല. ഫൈനല്‍ മത്സരം കാണാന്‍ നില്‍ക്കാതെ അക്തര്‍ മടങ്ങുകയാണ് ഉണ്ടായതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Content Highlights: Harbhajan Singh recalled that incident from the 2011 World Cup