സ്വന്തം നാട്ടിലേയ്ക്ക് വിരുന്നുവന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിലും നല്ലൊരു ഓണസമ്മാനം ഇനി നല്‍കാനില്ല സഞ്ജു സാംസണ്. 48 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് ഒരു വെറും വിജയം മാത്രമല്ല, ഉജ്വലമായൊരു പരമ്പര കൂടിയാണ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ഈ വിസ്മയ വെട്ടിക്കെട്ട് പ്രകടനം സഞ്ജുവിന് വലിയ കൈയടികളാണ് നേടിക്കൊടുക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീം അഭിമുഖീകരിക്കുന്ന വിഷയമായ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ചുള്ള  ചര്‍ച്ചകള്‍ക്കും

ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിനെ പരിഗണിക്കണം എന്നാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതികത്തികവും ഉത്തരവാദിത്വവുമുള്ള ഇന്നിങ്‌സായിരുന്നു ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ സഞ്ജു പുറത്തെടുത്തതെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍, ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ശക്തമാണെന്നും അവര്‍ക്ക് നാലാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാനെ ആവശ്യമില്ലെന്നുമായരുന്നു യുവരാജ് സിങ്ങിന്റെ പരിഹാസം.

ഹര്‍ഭജന്റെ നിര്‍ദേശത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റംഗവുമായ ഗൗതം ഗംഭീര്‍ സ്വാഗതം ചെയ്തു. നിലവിലെ ഫോമും കഴിവും വച്ച് നോക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാം. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്-ഗംഭീര്‍ ഹര്‍ഭജന് മറുപടിയായി ട്വീറ്റ് ചെയ്തു.

എന്തായാലും ഹര്‍ഭജന്റെ ഈ നിര്‍ദേശം ട്വിറ്ററില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്.

ഇന്ത്യയ്ക്കുവേണ്ടി ഒരു ടി20 മത്സരം മാത്രം കളിച്ചിട്ടുള്ള സഞ്ജുവിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കണ്ടത്. 87 ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളില്‍ നിന്നായി 2945 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1871 റണ്‍സുമാണ് നേടിയത്. 211 റണ്‍സാണ് ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

Content Highlights: Harbhajan Singh Gautam Gambhir Praises Sanju Samson For his performance against South Africa A Team